പത്തനംതിട്ട: മാൾട്ടയിൽ നഴ്സായിരുന്ന പുറമറ്റം ലിബി ഭവനിൽ സിനി വർഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര കല്ലൂരേത്ത് മോനിഷ് (36) അറസ്റ്റിലായി.
സിനിയുടെ ബന്ധുക്കളുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവാണ് മോനിഷിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് മാൾട്ടയിലെ താമസസ്ഥലത്തു സിനിയെ (32) മാൾട്ടയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ പീഡനങ്ങളേ തുടർന്ന് സിനി ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. സിനിയുടെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ പരാതി. മാൾട്ടയിൽ സിനി മരിച്ച വിവരം മോനിഷ് തന്നെയാണ് നാട്ടിൽ അറിയിച്ചത്.
അപകടമരണമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് ജീവനൊടുക്കുകയായിരുന്നുവെന്ന് മാറ്റിപ്പറഞ്ഞു. തൂങ്ങിമരിച്ച നിലയിലാണ് സിനിയെ കണ്ടെത്തിയത്.സിനിയുടെ മാതാവ് നൽകിയ പരാതിയേ തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം പോലീസ് ഇൻക്വസ്റ്റ് പൂർത്തീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയാണ് സംസ്കരിച്ചത്.
ഭർത്തൃവീട്ടിലേക്ക് മൃതദേഹം വിട്ടുനൽകിയിരുന്നില്ല. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയിരുന്നു. നാട്ടിലെത്തിച്ച മൃതദേഹത്തിൽ നടത്തിയ ഇൻക്വസ്റ്റ് അടിസ്ഥാനമാക്കിയാണ് പിന്നീട് നിയമനടപടികൾ ഉൗർജിതമാക്കിയത്.
സിനിയുടെ മരണം കൊലപാതകമാണെന്നും ശരീരത്തിലുടനീളം പാടുകളുണ്ടായിരുന്നതായും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.
എം.ജെ. വർഗീസ് – മറിയാമ്മ ദന്പതികളുടെ മകളാണ് സിനി. 2014 ഏപ്രിലിലായിരുന്നു സിനിയുടെ വിവാഹം. വിവാഹത്തേ തുടർന്ന് എല്ലാദിവസവും സിനിക്ക് ഭർത്താവിൽ നിന്നു പീഡനങ്ങളേൽക്കേണ്ടിവന്നിട്ടുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സിനി നാട്ടിലേക്കയച്ച പല സന്ദേശങ്ങളും തെളിവായി പോലീസ് സ്വീകരിച്ചു. വിവാഹത്തിനുശേഷവും സ്വന്തം വീടുമായി സിനി തുടർന്നുവന്ന ബന്ധങ്ങളും താത്പര്യവും മോനിഷ് അംഗീകരിച്ചിരുന്നില്ല.
ഇതേച്ചൊല്ലിയാണ് തർക്കങ്ങൾ ഉടലെടുത്തത്. മാതാപിതാക്കൾക്കുവേണ്ടി നാട്ടിൽ സിനി വീടു പണിയാൻ സഹായം ചെയ്തതും പ്രശ്നങ്ങൾ വർധിപ്പിച്ചു. അഞ്ചുവയസുള്ള ഒരു ആണ്കുട്ടി മോനിഷ്, സിനി ദന്പതികൾക്കുണ്ട്.