കൊച്ചി: കസ്റ്റംസിന് മുമ്പാകെ ഇന്നലെ രാത്രി കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാല്‍ നിരവധി സ്വര്‍ണക്കടത്ത് കേസുകളില്‍ ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിക്കുന്ന പ്രതി.
രണ്ടുവര്‍ഷം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഇയാള്‍ ഒളിവിലായിരുന്നു. ഇന്നലെ രാത്രി കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ഇയാള്‍ നാടകീയമായി കീഴടങ്ങിയത്.
ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈകുന്നേരത്തോടെ അറസ്റ്റുണ്ടായേക്കും. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയതുമായിബന്ധപ്പെട്ട് കസ്റ്റംസ് ഇയാളെ തെരയുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി റെമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരന് പ്രതിയായ കേസിലെയും മുഖ്യകണ്ണിയാണ് ജലാല്‍.
4,000 കിലോയോളം സ്വര്‍ണമാണ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഇയാള്‍ മുഖാന്തിരം കടത്തിയത്. അന്ന് വിമാനത്താവളത്തിലെ സ്വകാര്യ ഗ്രൗണ്ട് ഹാൻഡിലിംഗ് ഏജന്‍സിയുമായി കൂട്ടുപിടിച്ചാണ് സ്വര്‍ണക്കടത്ത് നടത്തിയിരുന്നത്.
ഈ ഏജന്‍സിയുടെ ജീവനക്കാരാണ് ഇയാള്‍ വിമാനത്താവളത്തിന് പുറത്തേക്ക് സ്വര്‍ണം എത്തിച്ചു നല്‍കിയിരുന്നത്. പെരുന്തല്‍മണ്ണയിലെ ഒരു ജ്വല്ലറിയിലേക്കും ജലാല്‍ സ്വര്‍ണം നല്‍കിയിരുന്നു. കേസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ജലാല്‍ ഒളിവിലായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ജലാലിന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ പെരുന്തല്‍മണ്ണയിലെ ജ്വല്ലറിയിലും റെയ്ഡ് നടത്തി ഉടമയെ പിടികൂടുകയും സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ റെമീസില്നിന്നും ജലാല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ജലാലിനെ കൂടാതെ റെമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയ രണ്ടു കോയമ്പത്തൂര്‍ സ്വദേശികളെ കൂടി കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെയും അറസ്റ്റ് വൈകുന്നേരത്തോടെയുണ്ടാകും.