കൊണ്ടോട്ടി: സ്വർണക്കടത്ത് കാരിയറെന്നു സംശയിച്ചു തട്ടികൊണ്ടുപോയ മറ്റൊരു യുവാവിന്റെ പാസ്പോർട്ട് പരിശോധിച്ച് പോലീസ് ഞെട്ടി. നാലു വർഷത്തിനിടെ 40 തവണയാണ് ഇയാൾ ദുബായിൽ പോയി വന്നത്.
ജോലിയാണെങ്കിൽ വെറും ഒരു ഹോട്ടൽ പാചകക്കാരൻ. ഇയാൾ സ്ഥിരം കളളക്കടത്ത് കാരിയറാണെന്നു ബോധ്യമാണെങ്കിലും തെളിവുകളിലില്ലായിരുന്നു.
കളളക്കടത്തുകാരുടെ വിശ്വസതനായിരുന്ന ഇയാൾ സ്വർണം അപഹരിച്ചതിനായിരുന്നു തട്ടികൊണ്ടുപോകൽ. തുടർച്ചയായ യാത്രകൾ നടത്തിയ ഇയാളെ ഏതെങ്കിലും ഒരു സമയത്തു ചോദ്യം ചെയ്തു പിടികൂടിയിരുന്നെങ്കിൽ പിടിയിലാകുമായിരുന്നെന്നു പറയുന്നു.
ഇത്തരത്തിൽ തുടർച്ചയായ യാത്ര ചെയ്യുന്ന സാധാരണക്കാരെ പരിശോധിക്കൽ നിർബന്ധമാണ്. കളളക്കടത്ത് കാരിയർമാരെ തട്ടിക്കൊണ്ടുപോവൽ തുടർക്കഥയായപ്പോഴാണ് വിസിറ്റിംഗ് വീസയിൽ ദുബായിൽ പോയിവരുന്നവരെ പോലീസും കസ്റ്റംസും കർശനമായി നിരീക്ഷിച്ചു തുടങ്ങിയത്.
ഇവരിൽ പലരും നിരവധി തവണ ഗൾഫിലേക്കു സ്വർണക്കടത്ത് കാരിയറാകാൻ വേണ്ടി മാത്രം യാത്ര ചെയ്തവരാണ്. തൊഴിലില്ലാതെ അലയുന്നവരെ കണ്ടെത്തി ജോലിയും ഗൾഫ് യാത്രയും വാഗ്ദാനം ചെയ്താണ് സ്വർണ മാഫിയ ഇവരെ വലയിലാക്കുന്നത്.
ദുബായിയിലെത്തിയാൽ ഇവരെ പ്രത്യേത സ്ഥലത്തു താമസിപ്പിച്ചു കളളക്കടത്തിൽ ഭയമില്ലാത്തവരാക്കി മാറ്റും. പിന്നീട് ദുബായി കസ്റ്റംസിൽ കളളക്കടത്തുകാർക്കു സ്വാധീനമുളളവർ ഡ്യൂട്ടിയിലുള്ളപ്പോൾ സ്വർണവുമായി കയറ്റിവിടുകയാണ് ചെയ്യുന്നത്.
കരിപ്പൂരിൽ സ്വർണക്കടത്തും തട്ടിക്കൊണ്ടുപോകലും വർധിച്ചതോടെ പോലീസ് ദേശീയപാതയിൽ നൈറ്റ് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.