സ്വന്തംലേഖകന്‍

കോഴിക്കോട് : സ്വര്‍ണക്കടത്തിനും ഹവാല കേസുകള്‍ക്കും പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി. യുഡിഎഫ് ഭരണത്തിലും ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷവും വിവിധ ഘട്ടങ്ങളിലായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ തീവ്രസ്വഭാവമുള്ള സംഘടനകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യാതൊരു നടപടികളും ഉണ്ടാവാറില്ല. ഏത് മുന്നണി അധികാരത്തി ലിരുന്നാലും “വൻ സ്രാവുകൾ’കുടുങ്ങി ല്ലെന്നതാണ് വസ്തുത.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് സംഘം നിലയുറപ്പിക്കുന്നത് കൊടുവള്ളിയിലാണെന്നാണ് വിവിധ ഏജന്‍സികളുടെ കണ്ടെത്തല്‍. കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് , പോലീസ് തുടങ്ങി ഏജന്‍സികള്‍ കേസുകള്‍ പിടികൂടുന്നതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.
വിവര ശേഖരണത്തില്‍ പലര്‍ക്കും തീവ്രവാദ സ്വഭാവമുള്ള വ്യക്തികളുമായും സംഘടനകളുമായും ബന്ധമുണ്ടെന്ന് വിവരം ലഭിക്കാറുണ്ട്. ഇത് സംബന്ധിച്ച് പലപ്പോഴായി രഹസ്യാന്വേഷണ വിഭാഗം കോഴിക്കോട് റേഞ്ച് , ഇന്റലിജന്‍സ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് പിന്നീട് ഡിജിപിക്കും ആഭ്യന്തരവകുപ്പിനും കൈമാറുകയാണ് പതിവ്. തുടരന്വേഷണം ആവശ്യമാണെങ്കില്‍ അക്കാര്യം വ്യക്തമാക്കി തിരിച്ച് നിര്‍ദേശം നല്‍കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ അത്തരം നടപടികള്‍ ഒന്നും തന്നെ ഉണ്ടവാറില്ലെന്ന് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കാലാകാലങ്ങളായി ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. ഒരു സര്‍ക്കാറിന്റെ കാലത്തും കാര്യക്ഷമമായ അന്വേഷണം നടത്താന്‍ നിര്‍ദേശം ലഭിച്ചിരുന്നില്ലെന്ന് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകളില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പിന്നീട് ഇതേകുറിച്ച് അന്വേഷിക്കാറില്ല.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഫേപോസ ചുമത്തിയ പ്രതികള്‍ നാട്ടിലെത്തി വിലസുമ്പോള്‍ പോലും അക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസും അടുത്തകാലം വരെ തയാറായിരുന്നില്ല. കേന്ദ്രസര്‍ക്കാറാണ് കോഫേപോസ ചുമത്താറുള്ളത്.
കേന്ദ്രസര്‍ക്കാറാണ് കോഫേപോസ ഉത്തരവ് പുറപ്പെടുവിക്കുന്നതെങ്കിലും പ്രതികളെ പിടികൂടേണ്ട ചുമതല സംസ്ഥാന പോലീസിനാണ്. കോടതി നിര്‍ദേശാനുസരണം പ്രതികള്‍ താമസിക്കുന്ന സ്ഥലത്തെ പോലീസാണ് പ്രതികളെ കുറിച്ച് അന്വേഷിക്കേണ്ടത്.
രഹസ്യാന്വേഷണ വിഭാഗം വിമാനതാവളവുമായി ബന്ധപ്പെട്ട് പ്രതികള്‍ എത്തിയതായി വിവരങ്ങള്‍ നല്‍കാറുണ്ടെങ്കിലും ലോക്കല്‍ പോലീസ് നടപടികള്‍ സ്വീകരിക്കാറില്ല.
പലപ്പോഴും ഡിആര്ഐ് നേരിട്ടെത്തി പ്രതികളെ പിടികൂടുകയാണ് ചെയ്യുന്നത്. ഹവാല കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഐബിയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ എന്‍ഫോഴ്സ്മെന്റിന്റെ കാര്യക്ഷമമായ അന്വേഷണം ഉണ്ടാവാറില്ല.
തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം കൊടുവള്ളിയാണെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അഞ്ചു വര്‍ഷത്തിനിടെ നടന്ന സ്വര്‍ണ കടത്തുകള്‍ കേന്ദ്രീകരിച്ചു രഹസ്യാനേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
വിവിധ വിമാനത്താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്. പകുതിയിലേറെ കേസിന്റെയും കണ്ണികള്‍ കൊടുവള്ളിയിലുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.