മുക്കം: മുക്കത്ത് കഞ്ചാവ് കേസിൽ പിടിയിലായ സഹോദരങ്ങൾ വൻ കഞ്ചാവ് മാഫിയയിലെ കണ്ണികളെന്ന് സൂചന. പാലക്കാട് കുഴൽമന്ദം സ്വദേശിയും ഏറെ നാളായി പൂളപ്പൊയിലിൽ വാടകവീട്ടിൽ താമസിക്കുന്നതുമായ ചന്ദ്രശേഖരൻ (31), സഹോദരി സൂര്യപ്രഭ എന്നറിയപ്പെടുന്ന സൂര്യ (28) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചന്ദ്രശേഖരൻ കോഴിക്കോട് സബ് ജയിലിലും സൂര്യപ്രഭ കണ്ണൂർ സബ് ജയിലിലുമാണ്.
പുള പൊയിലിൽ വാടകയ്ക്ക് താമസിച്ചാണ് ഇവർ കുറേ കാലമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കോഴിക്കോട് ജില്ലയ്ക്ക് പുറമെ സമീപ ജില്ലകളിലേക്കും ഇവർ കഞ്ചാവ് എത്തിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
ബൈക്കിലും കാറിലുമെല്ലാമായി സ്ത്രീകൾ ഉൾപ്പെട്ട കുടുംബം യാത്ര ചെയ്യുമ്പോൾ സാധാരണയായി പോലീസ് പരിശോധന ഉണ്ടാകാറില്ല. ഇത് മുതലെടുത്താണ് കഞ്ചാവ് കടത്തിയിരുന്നത്.
മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിന്റെ അന്വേഷണത്തിനിടെയാണ് പൂളപ്പൊയിലിൽ വച്ച് പുലർച്ചെ ബൈക്കിൽ കടത്തുകയായിരുന്ന പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയിലായത്.
ഈ മാസം രണ്ടിന് വയോധിക ആക്രമണത്തിനിരയായ കേസിന്റെ അന്വേഷണത്തിനായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.
സംഭവം നടന്നു പത്തു ദിവസത്തോളമായി പ്രത്യേക അന്വേഷണ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞു പ്രതിയെ പിടികൂടുന്നതിനായി അയൽ ജില്ലകളിലുൾപ്പെടെ ഊർജ്ജിതമായി അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതിയെന്നു പോലീസ് സംശയിക്കുന്ന ആളുമായി ബന്ധമുള്ള ചന്ദ്രശേഖരനെകുറിച്ച് അന്വേഷണ സംഘത്തിനു സൂചന ലഭിക്കുന്നത്.
ഇയാളെ കഴിഞ്ഞ ഏതാനും ദിവസമായി നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാൾക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസിനു വിവരം ലഭിക്കുന്നത്.
തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പൂളപ്പൊയിലിൽ ചന്ദ്രശേഖരൻ വാടകക്കയ്ക്കു താമസിക്കുന്ന വീടിനു സമീപം എത്തിയപ്പോൾ ഇയാളും സഹോദരിയും ബൈക്കിൽ ഒരു ബാഗ് നിറയെ കഞ്ചാവുമായി വരുന്നത് കണ്ട പോലീസ് വാഹനം കുറുകെയിട്ടു പിടികൂടുകയായിരുന്നു.
ലോക്ക്ഡോൺ ആയതോടെ കഞ്ചാവിന് വില കുത്തനെ ഉയർന്നത് വൻതോതിൽ കഞ്ചാവ് എത്തിച്ചു വില്പന നടത്തി അതിൽ നിന്നും കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാൻ പ്രതികൾക്ക് പ്രേരണയാവുകയായിരുന്നു.
ഇവരുടെ കൈയിൽ നിന്നും പിടികൂടിയ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭ്യമായിട്ടുണ്ട്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെയടക്കം പോലീസ് നിരീക്ഷിച്ചു വരികയാണ്.