ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിന്റെ ഒപിയിൽ നിന്ന് അർധ രാത്രിയിൽ കേൾക്കുന്ന നിലവിളി ശബ്ദം സാമൂഹിക വിരുദ്ധരായ യക്ഷികളുടെതോ?
ആശുപത്രി പരിസരത്തും സമീപ പ്രദേശങ്ങളിലും ക്രിമിനലുകൾ, മോഷ്ടാക്കൾ, സാമൂഹിക വിരുദ്ധർ, യാചകർ, അനാശാസ്യ പ്രവർത്തകർ തുടങ്ങിയവർ യഥേഷ്ടം വിഹരിക്കുന്നത്.
നിലവിളി ശബ്ദം കേൾക്കുന്നതായി പറയപ്പെടുന്ന ഭാഗത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിട ഭാഗങ്ങളും ഇതിനു സമീപത്തുള്ള വിജനമായ സ്ഥലങ്ങളും സാമൂഹിക വിരുദ്ധർ താവളമാക്കുന്നുണ്ട്്.
ഗൈനക്കോളജി ഒപി പ്രവർത്തിക്കുന്ന മുറികളുടെ മുകളിലത്തെ നില ഇപ്പോൾ പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങോട്ട് കയറാൻ താൽക്കാലികമായി ഇരുന്പ് ചവിട്ടുപടി സ്ഥാപിച്ചുണ്ട്.
ഇതു വഴിയാണ് നിർമാണ സാമഗ്രികൾ തൊഴിലാളികൾ കയറ്റിയിറക്കുന്നത്. രാത്രികാലങ്ങളിൽ സെക്യൂരിറ്റികളുടെ കണ്ണുവെട്ടിച്ച് ഇവിടങ്ങളിൽ സാമൂഹ്യ വിരുദ്ധർ കടന്നു കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്ന് അന്വേഷണം നടത്തിയവർ രാഷ്്ട്രദീപികയോടു പറഞ്ഞു.
രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർക്ക് ഗൈനക്കോളജി കെട്ടിടത്തിനും കാന്റീൻ കെട്ടിടത്തിനും ഇടയ്ക്കുള്ള വഴിയിൽ കൂടിയോ, ആശുപത്രി കോന്പൗണ്ടിന്റെ പിന്നിലുള്ള റോഡിലൂടെയോ ഇവിടെ എത്താൻ കഴിയും.
കോന്പൗണ്ടിനുള്ളിൽ നിരവധി കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതിനാൽ ഏതു സമയത്തും മോഷ്ടാക്കൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധർക്ക് ആശുപത്രി കോന്പൗണ്ടിലും തുടർന്ന് ഗൈനക്കോളജി വാർഡുകളിലും കയറുവാൻ കഴിയുന്നുണ്ടെന്ന് പോലീസും കണ്ടെത്തിയിട്ടുണ്ട്.
അതിനാൽ രാത്രി കാലങ്ങളിൽ ഈ ഭാഗത്ത് കേന്ദ്രീകരിക്കുന്ന സാമൂഹ്യ വിരുദ്ധർ, ആശുപത്രിയിലുള്ള ജീവനക്കാരുടേയും, രോഗികളുടേയും കൂട്ടിരിപ്പ് കാരുടേയും ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി പുറപ്പെടുവിക്കുന്ന ശബ്ദമാണെന്നാണ് പോലീസ് വിലയിരുത്തൽ.
അതിനാൽ നിർമാണ പ്രവർത്തനത്തിന് താൽക്കാലികമായി സ്ഥാപിച്ച ചവിട്ടുപടി വൈകുന്നേരങ്ങളിൽ എടുത്തു മാറ്റണമെന്നും തുറന്നു കിടക്കുന്ന സ്ഥലം അടയ്ക്കണമെന്നും ആശുപത്രി അധികൃതർക്ക് നിർദേശം നൽകുമെന്നും പോലീസ് പറഞ്ഞു.