കോട്ടയം: ഓരോ ട്രിപ്പ് അവസാനിക്കുന്പോഴും അണുവിമുക്തമാക്കുന്നില്ലെങ്കിലും ദിവസവും സുരക്ഷയൊരുക്കി കെഎസ്ആർടിസി. കോവിഡ് ദിനംപ്രതി വർദ്ധിക്കുന്പോഴും അണുവിമുക്തമാക്കിയാണു കെഎസ്ആർടിസി സർവീസ് നടത്തുന്നത്.
ജാഗ്രതയോടയാണു കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ബസുകളുടെ സർവീസ്. ഓരോ ട്രിപ്പ് പൂർത്തിയാകുന്പോഴും അണുവിമുക്തമാക്കണമെന്ന നിർദേശം പാലിക്കാൻ കെഎസ്ആർടിസിക്കു സാധിക്കുന്നില്ല.
വൈകുന്നേരങ്ങളിൽ സർവീസ് കഴിഞ്ഞ് ഡിപ്പോയിൽ എത്തുന്ന ബസുകൾ ദിവസവും അണുവിമുക്തമാക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളിലും ബസുകൾ അണുവിമുക്തമാക്കുന്നതിനു മാത്രമായി ചില ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.
പതിവായി ബസുകൾ സർവീസ് അവസാനിപ്പിക്കുന്പോൾ മെക്കാനിക്കൽ ജീവനക്കാർ ബസിനു എന്തെങ്കിലും തകരാർ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുന്നതാണ്.
കോവിഡ് കാലത്ത് ഇത്തരം പരിശോധനകൾ നടത്തുന്നതിനു മുന്പായി തന്നെ ബസുകൾ സോഡിയം ഹൈപ്പോ ക്രോറൈറ്റ് എന്ന അണുനാശിനി സ്പെയർ ഉപയോഗിച്ചു ബസുകളിൽ തളിക്കുകയാണു ചെയ്യുന്നത്. തുടർന്നാണ് ബസുകൾക്കുണ്ടായിരിക്കുന്ന തകരാർ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ പരിഹരിക്കുന്നത്.
എല്ലാ ഡിപ്പോകളിൽ ബസുകളിൽ സ്പ്രേ ചെയ്യേണ്ട അണുനാശിനികൾ നേരെത്ത തന്നെ അണുനശികരണം നടത്തുന്ന ജീവനക്കാർ തയാറാക്കി വയ്ക്കുകയും ചെയ്യും. രാത്രി ഒന്പതോടെ എല്ലാ ബസുകളും സർവീസ് അവസാനിപ്പിച്ചു അതാതു ഡിപ്പോകളിൽ തിരിച്ചെത്തുന്നതോടെ അണുവിമുക്തമാക്കാൻ സാധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.