കോഴിക്കോട്: ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തുനിന്ന് എം.വി. ശ്രേയാംസ് കുമാറിനെ നീക്കംചെയ്ത കേന്ദ്രനേതൃത്വത്തിന്റെ നടപടിക്കെതിരേ സംസ്ഥാന നേതൃത്വം അടിയന്തരയോഗം ചേരും.
സംസ്ഥാനപ്രസിഡന്റായി വര്‍ഗീസ് ജോര്‍ജിനെ നിയമിച്ചത് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെയാണെന്നും തീരുമാനം അംഗീകരിക്കില്ലെന്നുമാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനും പ്രമേയം പാസാക്കി ദേശീയ നേതൃത്വത്തിന് കൈമാറുന്നതിനുമായാണ് ഇന്ന് യോഗം ചേരുന്നത്. സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും പോഷക സംഘടനകളുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.
ഓണ്‍ലൈന്‍ വഴി നടക്കുന്ന യോഗത്തിലെ തീരുമാനപ്രകാരം സംസ്ഥാന സമിതി വീണ്ടും ചേരുകയും പ്രമേയം പാസാക്കി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്യും.
തികഞ്ഞ ഐക്യത്തോടെ പാര്‍ട്ടി മുന്നോട്ടുപോകുമ്പോള്‍ ചര്‍ച്ചയോ ആലോചനയോ ഇല്ലാതെ ദേശീയ നേതൃത്വം കൈക്കൊണ്ടനടപടി ശരിയായില്ലെന്നാണ് സംസ്ഥാന സമിതിയിലെ ഒരു വിഭാഗം പറയുന്നത്. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കേന്ദ്രനേതാക്കളില്‍ ചിലരുടെ ഈ നീക്കം സ്വീകാര്യമല്ല.
ഇതിനുപിന്നില്‍ ചിലരുടെ ഗൂഡാലോചനയുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. ദേശീയ ജനറല്‍ സെക്രട്ടറിയായ വര്‍ഗീസ് ജോര്‍ജിനെ സംസ്ഥാന പ്രസിഡന്റായും ശ്രേയാംസ്കുമാറിനെ ദേശീയജനറല്‍ സെക്രട്ടറിയായും നിയമിച്ചതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ഇന്നലെയാണ് അറിയിപ്പ് വന്നത്.
2018 ജൂലൈയിലാണ് ശ്രേയാംസ്കുമാറിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. അന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വര്‍ഗീസ് ജോര്‍ജിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഇരു വിഭാഗത്തിനേയും അനുകൂലിക്കുന്നവര്‍ സമാസമം തന്നെയായിരുന്നു.
എങ്കിലും നേരിയ വ്യത്യാസത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചതോടെ ശ്രേയാംസിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി കൂടുതല്‍ മാറി.
കൂടുതല്‍ പേരും ശ്രേയാംസ്കുമാറിനൊപ്പമാണെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് പറഞ്ഞു. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന അഭിപ്രായവുമായി എല്‍വൈജെഡി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.