.
2008 മേയ് 16ന് രാവിലെ ആരുഷി(14) എന്ന കൗമാരക്കാരിയുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കാണപ്പെട്ടു. വീട്ടുജോലിക്കാരി രാവിലെ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റുവന്ന ദന്പതികളാണ് മകളുടെ മൃതദേഹം അവളുടെ കിടക്കയിൽ കണ്ടെത്തിയത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിലെ ദുരൂഹതകളുടെ തുടക്കമായിരുന്നു അവിടെ.
കഴുത്തറത്തു കൊല്ലപ്പെട്ട നിലയിലായിരുന്നു ആരുഷി. സംശയത്തിന്റെ മുന ആദ്യം നീണ്ടതു വീട്ടിലെ ജോലിക്കാരനായ ഹേംരാജിനു നേർക്കാണ്. രാത്രിയിൽ എപ്പോഴോ ഹേംരാജ് ആരുഷിയെ കയറിപ്പിടിക്കുകയും അതു കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തെന്നു ചിലരെങ്കിലും സംശയിച്ചു.
മാതാപിതാക്കൾ സംശയം ഉന്നയിച്ചതും ആ വഴിക്കായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആരുഷി കൊല്ലപ്പെട്ട് രണ്ടാം ദിനം ഹേംരാജും കൊല്ലപ്പെട്ടു! ആരുഷിയുടെ തന്നെ വീടിന്റെ ടെറസിലാണ് ഹേംരാജിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്താണ് സംഭവിച്ചത്? ആരാണ് കൊലപാതകി?
ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ചോദ്യങ്ങൾ അവിടെ ഉയരുകയായിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി പോലീസ് അലഞ്ഞു. പിന്നീടു സിബിഐയും എത്തി.
ചുരുളഴിയാതെ
ആരുഷി- ഹോംരാജ് ഇരട്ടക്കൊലക്കേസിൽ ചോദ്യം ചെയ്ത എല്ലാവരെയും ശാസ്ത്രീയ പരിശോധനയ്ക്കു സിബിഐ വിധേയരാക്കി എന്നത് ഈ കേസിന്റെ പ്രത്യേകതയാണ്. നാർകോ അനാലിസിസ്, നുണ പരിശോധന, ബ്രെയിൻ മാപ്പിംഗ്, സൈക്കോ അനാലിസിസ് തുടങ്ങിയ പരിശോധനകളെല്ലാം നടത്തി. പക്ഷേ, അപ്പോഴും ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ല.
ഡൽഹി പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആരുഷി തൽവാർ. ദന്തഡോക്ടർമാരായിരുന്ന രാജേഷ് തൽവാറിന്റെയും ഭാര്യ നൂപുർ തൽവാറിന്റെയും മകൾ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള സെക്ടർ 25ലുള്ള വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.
സെക്ടർ 27ലുള്ള ഒരു ആശുപത്രിയിലായിരുന്നു തൽവാർ ദമ്പതികൾക്കു ജോലി. ഹേംരാജ് എന്നു വിളിക്കപ്പെടുന്ന യാംപ്രസാദ് ബഞ്ചാദെ തൽവാർ കുടുംബത്തിലെ ജോലിക്കാരനും പാചകക്കാരനും കൂടിയായിരുന്നു. നേപ്പാൾ സ്വദേശിയാണ് ഇദ്ദേഹം.
അടഞ്ഞ വാതിൽ
തൽവാർ കുടുംബത്തിലെ വീട്ടുജോലിക്കാരിയായിരുന്ന ഭാരതി മണ്ഡൽ എല്ലാ ദിവസവും രാവിലെ ജോലിക്ക് എത്തുകയാണ് പതിവ്. കൊലപാതകം നടന്ന ദിവസവും രാവിലെ ആറിനു അവരെത്തി കോളിംഗ് ബെൽ അടിച്ചു. പക്ഷേ, ആരും വാതിൽ തുറന്നില്ല.
സാധാരണ ദിവസങ്ങളിൽ ഹേംരാജാണ് ഭാരതിക്കു വാതിൽ തുറന്നു കൊടുക്കാറുള്ളത്. മൂന്നാം തവണ ബെൽ അടിച്ചശേഷം നൂപുർ തൽവാർ വാതിൽക്കൽ വന്നെങ്കിലും ഇരുമ്പുകൊണ്ടു നിർമിച്ച പുറത്തെ വാതിലും ആരോ അടച്ചിരുന്നു. ഹേംരാജ് പാൽ വാങ്ങാൻ പുറത്തു പോയപ്പോൾ അടച്ചതായിരിക്കാമെന്നു നൂപുർ ഭാരതിയോടു പറഞ്ഞു.
സാധാരണ ആരുഷിയുടെ മുറിയുടെ വാതിൽ അകത്തുനിന്ന് അടയ്ക്കുകയോ അല്ലെങ്കിൽ മാതാപിതാക്കൾ പുറത്തുനിന്നു പൂട്ടുകയോ ആയിരുന്നു ചെയ്തിരുന്നത്. ജോലിക്കാരി എത്തിയതിനു പിന്നാലെ ആരുഷിയുടെ മുറിയിലേക്കു ചെന്ന രാജേഷും നൂപുറും കിടക്കയിൽ ആരുഷിയുടെ മൃതദേഹം കണ്ടു നിലവിളിച്ചു.
തങ്ങൾ ഭയന്നുപോയി എന്ന് അവർ പോലീസിനോടു പറഞ്ഞിരുന്നു. ആരുഷിയുടെ മൃതദേഹം കണ്ട രാജേഷ് ഉറക്കെ നിലവിളിച്ചെന്നും അതേസമയം, മകളെ കൊല്ലപ്പെട്ടനിലയിൽ കണ്ട താൻ തളർന്നുപോയി എന്നും നൂപുർ മൊഴി കൊടുത്തു.
കിടപ്പുമുറിയിൽ
ഇതേസമയം, വീട്ടിനുള്ളിലെ നിലവിളിയും ബഹളവും കേട്ടു വാതിൽ തള്ളിത്തുറന്ന് അകത്തേക്കു വന്ന ജോലിക്കാരി ഭാരതിയെ നൂപുർ ആരുഷിയുടെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. ആരുഷിയുടെ മൃതദേഹം കാണിച്ചുകൊടുത്തു. നൂപുർ ഈ സമയമെല്ലാം കരയുകയായിരുന്നു. മൃതദേഹം ഒരു പുതപ്പുകൊണ്ടു മൂടിയിരുന്നു.
പുതപ്പു മാറ്റി നോക്കിയ ഭാരതി, ആരുഷിയുടെ കഴുത്തു മുറിഞ്ഞിരിക്കുന്നതായി കണ്ടു. ദമ്പതികൾ ആരുഷിയുടെ കൊലപാതകത്തിനു ഹേംരാജിനെ സംശയിക്കുന്നതു പോലെയാണ് സംസാരിച്ചത്. സംഭവങ്ങൾ കണ്ടു നടുങ്ങിപ്പോയ ഭാരതി വീടിനു പുറത്തു പോയി അയൽപക്കത്തുള്ളവരെ വിവരമറിയിച്ചു.
(തുടരും)