കാസർഗോഡ്: കാസർഗോട്ട് സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗവ്യാപന സാധ്യതയും വർധിക്കുകയാണെന്നും ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു. കളക്ടറേറ്റിൽ ചേർന്ന കോറോണ കോർകമ്മിറ്റിയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
ജില്ലയിൽ വെന്റിലേറ്ററുകളുടെ എണ്ണം കുറവാണ്. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗമുക്തി നിരക്ക് വളരെ കുറവാണ്. അതീവ ജാഗ്രത ആവശ്യമായ സമയമാണിത്. ഏത് പ്രായത്തിലുള്ള ആളുകളെയും രോഗം ബാധിക്കാമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത് ജനങ്ങൾ തിരിച്ചറിയണം. ഒരു കാരണവശാലും ആളുകൾ കൂട്ടംകൂടാൻ അനുവദിക്കില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. ശാരീരിക അകലം നിർബന്ധമായും പാലിക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
കടകൾ തുറക്കേണ്ടത് രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ
ജില്ലയിലെ കടകൾ വ്യാഴാഴ്ച മുതൽ രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാൻ അനുവദിക്കു. വ്യാപാര സംഘടനകൾ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം. കടകളിൽ ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല.
കടകളിലെ ജീവനക്കാർ ഗ്ലൗസും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കടകൾ ഏഴു ദിവസത്തേക്ക് അടപ്പിക്കും. പിന്നീട് അണുവിമുക്തമാക്കിയതിനുശേഷം മാത്രമേ തുറക്കാൻ അനുവദിക്കു.
കുന്പള മുതൽ തലപ്പാടി വരെ കണ്ടെയൻമെന്റ് സോണുകൾ
കുന്പള മുതൽ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ, മധുർ ടൗണ്‍, ചെർക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു.
രോഗികൾ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളാണിവ. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാകും തുറക്കാൻ അനുമതി നൽകുക.
കണ്ടെയ്ൻമെന്റ് സോണുകളിൽ ബാങ്കുകൾക്ക് പ്രവർത്തിക്കാം. എന്നാൽ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങൾ മുഴുവൻ ഓണ്‍ലൈനായി മാത്രമേ നൽകാവു. കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ പോലീസിനെ വിന്യസിപ്പിക്കും. ഇവിടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. നിർദ്ദേശം ലംഘിച്ചാൽ കർശന നിയമനടപടിയെടുക്കും.
അതീവ സുരക്ഷയോടെ കിംസ് പരീക്ഷ
കർശന നിയന്ത്രണങ്ങളോടെ കീം പരീക്ഷ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കായി തലപ്പാടിയിൽ പ്രത്യേകം കഐസ്ആർടിസി സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരീക്ഷയ്ക്കെത്തുന്നവർ ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം മുറിയിൽ പരീക്ഷയെഴുതിക്കും. മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. കാസർകോട് നഗരസഭയിൽ നാല് കേന്ദ്രങ്ങൾ, ചെങ്കളിൽ രണ്ട് കേന്ദ്രങ്ങൾ, ചെമ്മനാട് ഒരു കേന്ദ്രം എന്നിവിടങ്ങളിലാണ് കിംസ് പരീക്ഷ നടക്കുക. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
ഒൗദ്യോഗികയോഗങ്ങൾ ഇനി 14 ദിവസം നടത്തില്ല
സർക്കാർ ഓഫീസുകളിൽ നടത്തുന്ന എല്ലായോഗങ്ങളും 14 ദിവസത്തേക്ക് നിർത്തിവക്കുന്നതിനു ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹിയറിംഗ് ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിർത്തിവച്ചു.
17 മുതൽ പൊതുഗതാഗതത്തിന് നിയന്ത്രണം
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 മുതൽ ജില്ലയിൽ കാസർഗോഡ് മുതൽ തെക്കോട്ട് ജില്ലാ അതിർത്തി വരെ പൊതുഗതാഗതം നിർത്തിവയ്ക്കാൻ തിരുമാനമായി. കെ എസ് ആർടിസി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ സർവീസ് നടത്തരുത്.
കർണാടകയിൽനിന്ന് ജില്ലയിലേക്ക് പച്ചക്കറി വാഹനം കടത്തിവിടില്ല
പഴം, പച്ചക്കറി വാഹനങ്ങൾ ജൂലൈ 31 വരെ കർണാടകയിൽ നിന്ന് ജില്ലയിലേക്കു വാഹനങ്ങൾക്ക് പ്രവേശന അനുമതി നൽകില്ല. ഡെയ്ലി പാസും നിർത്തലാക്കി. കർണാടകയിൽ നിന്നുള്ള പച്ചക്കറി വാഹനങ്ങൾ നിയന്ത്രിച്ചതോടെ ജില്ലയിൽ പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ കൃഷി വകുപ്പ് മുഖേന കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിച്ചു വിപണനം നടത്തും.
തിരികെ പോകുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റിന് സൗകര്യം
മടങ്ങിപോകുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് ചെയ്യാൻ കണ്ണൂർ ജില്ലയിലെ രണ്ട് ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല
ജില്ലയിലെ പഞ്ചായത്ത് ഓഫീസുകൾ ഉൾപ്പെടെ സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങളെ അനുവദിക്കില്ല. ഉദ്യോഗസ്ഥർ ഓഫീസ് സേവനം ഓണ്‍ലൈനായി നൽകണം. എന്റെ ജില്ല ആപ്ലിക്കേഷനിൽ ഉദ്യോഗസ്ഥരുടെ ഫോണ്‍ നന്പർ ലഭ്യമാണ്. ജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളിലെ മുറികൾ സ്രവ ശേഖരണ കേന്ദ്രമാക്കാൻ അനുമതി നൽകി.
മത്സ്യബന്ധനത്തിന് നിയന്ത്രണം
മത്സ്യബന്ധനത്തിനുള്ള നിരോധനം ജൂലൈ 17 വരെ തുടരും. ശേഷം നിയന്ത്രണങ്ങളോടെ ടോക്കണ്‍ സന്പ്രദായം വഴി പന്പരാഗത മത്സ്യബന്ധനം അനുവദിക്കും. എന്നാൽ ലേലം പാടില്ല.
ബാർബർ ഷോപ്പുകളിൽ മാസ്ക്, കൈയുറ, സാനിറ്റൈസർ നിർബന്ധമാണ്. നിർദ്ദേശം ലംഘിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും.