മാഡ്രിഡ്: കോവിഡാനന്തര ലോകം റയലിനെ മാറ്റിപ്പണിതിരിക്കുന്നു. ലോക്ക്ഡൗണിനു ശേഷം കളത്തിലെത്തിയ റയൽ മാഡ്രിഡ് തുടർച്ചയായ പത്താം മത്സരവും ജയിച്ച് ലാ ലിഗ കിരീടം തിരിച്ചുപിടിച്ചു. ലീഗിൽ ഒരു മത്സരം കൂടി അവശേഷിക്കെയാണ് മാഡ്രിഡുകാരുടെ പട്ടാഭിഷേകം.
ചിരവൈരികളായ ബാഴ്സലോണ ഒസാസുനയോട് പരാജയപ്പെട്ടതും മാഡ്രിഡുകാരുടെ പോയിന്റ് പട്ടികയിലെ ആധികാരികത കൂട്ടി. കൊറോണ മൂലം മത്സരങ്ങൾ നിർത്തിവയ്ക്കുമ്പോൾ ബാഴ്സയ്ക്കു പിന്നിലായിരുന്ന റയൽ ലോക്ക്ഡൗണിനു ശേഷം മിന്നൽ കുതിപ്പാണ് നടത്തിയത്. എന്നാൽ ബാഴ്സ കളത്തിൽ കിതയ്ക്കുകയും ചെയ്തു.
വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ തകർത്തത്. റയലിന്റെ രണ്ട് ഗോളുകളും ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് നേടിയത്. ആദ്യ പകുതിയിലായിരുന്നു ബെൻസേമയുടെ ആദ്യ ഗോൾ.
രണ്ടാം ഗോൾ വിവാദച്ചുവയുള്ളതായിരുന്നു. സെർജിയോ റാമോസിനെ ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റിയാണ് ബെൻസേമ ഗോളാക്കിയത്.
എന്നാൽ രണ്ടാം അവസരത്തിലായിരുന്നു ബെൻസേമയുടെ ഗോൾ അനുവദിച്ചത്. ആദ്യ പെനാൽറ്റി കിക്ക് എടുത്തത് റാമോസായിരുന്നു. കിക്ക് എടുക്കാനെത്തിയ റാമോസ പന്ത് മെല്ലെ തട്ടി ബെൻസേമയ്ക്കു നൽകി.
ഓടിയെത്തിയ ബെൻസേമയുടെ ഷോട്ട് വലയിൽ. എന്നാൽ റഫറി ഗോൾ അനുവദിച്ചില്ല. റയലിന് വീണ്ടും പെനാൽറ്റിയെടുക്കാൻ അവസരവും നൽകി.
ഇത്തവണ ബെൻസേമയാണ് കിക്കെടുത്തത്. പന്ത് നേരെ വലയിലേക്ക്. തെറ്റായി പെനാൽറ്റി എടുത്തിട്ടും റയലിന് വീണ്ടും അവസരം നൽകിയതിനെ വിയ്യാറയൽ ചോദ്യം ചെയ്തെങ്കിലും അപ്പീൽ റഫറി അനുവദിച്ചില്ല.
വിയ്യാറയലിന്റെ ആശ്വാസ ഗോൾ ഇബോറയുടെ ബൂട്ടിൽനിന്നായിരുന്നു. സിനദിൻ സിദാൻ പരിശീലകനായി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ലാ ലിഗ കിരീടമാണ് റയൽ സ്വന്തമാക്കുന്നത്.
മാഡ്രിഡുകാർ കിരീട നേട്ടം ആഘോഷിക്കുമ്പോൾ ബാഴ്സ കണ്ണീർ കയത്തിലായിരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന കഴിഞ്ഞ 43 മത്സരങ്ങളിൽ ആദ്യമായി ബാഴ്സ പരാജയം രുചിച്ചു.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ പരാജയം. 77 ാം മിനിറ്റിൽ എൻറിക് ഗലേഗോ ചുവപ്പ് കണ്ട് പുറത്തുപോയതോടെ ഒസാസുന പത്തുപേരായി ചുരുങ്ങിയിട്ടും ബാഴ്സയ്ക്കു പരാജയം ഒഴിവാക്കാനായില്ല.
ആദ്യ പകുതിയുടെ 15 ാം മിനിറ്റിൽ തന്നെ ബാഴ്സയെ ഞെട്ടിച്ച് ഒസാസുന ലീഡ് എടുത്തു. എന്നാൽ രണ്ടാം പകുതിയിൽ മെസിയുടെ ഫ്രീകിക്ക് ഗോൾ ബാഴ്സയ്ക്കു സമനില നൽകി. നിശ്ചിത സമയം വരെ സമനിലയിലായിരുന്ന മത്സരം ഇഞ്ചുറി ടൈമിലാണ് ഒസാസുന സ്വന്തമാക്കിയത്. റോബർട്ടോ ടോറസാണ് ഒസാസുനയുടെ വിജയ ഗോൾ നേടിയത്.