യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമിയ്ക്ക് സ്വപ്നയുമായുണ്ടായിരുന്നത് നയതന്ത്ര ‘പരിരക്ഷ’യില്‍ കവിഞ്ഞ ബന്ധമെന്ന് റിപ്പോര്‍ട്ട്.
കോണ്‍സല്‍ ജനറല്‍ സ്വപ്നയുമായി ഔദ്യോഗിക തലത്തിനപ്പുറമുള്ള അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പണിപാളുമെന്ന് മനസ്സിലായപ്പോഴാണ് അറ്റാഷെ ഇന്ത്യ വിട്ടത്.
അതിനിടെ മന്ത്രി കെ ടി ജലിലുമായുള്ള നയതന്ത്ര പ്രതിനിധിയുടെ വാട്സാപ്പ് സന്ദേശവും എല്ലാ പരിധിയും ചട്ടവും ലംഘിക്കുന്നതാണ്. ഇതെല്ലാം ഗൗരവമേറിയ ചര്‍ച്ചയ്ക്ക് വിധേയമാകുമ്പോഴായിരുന്നു അറ്റാഷെയുടെ മടങ്ങി പോക്ക്. മൂന്നു ദിവസം മുമ്പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായിലേക്ക് കടന്നത്.
കള്ളക്കടത്ത് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരിലാണ്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നതും അറ്റാഷെയാണ്. സ്വര്‍ണം പിടിച്ചെടുത്ത ദിവസം റാഷിദ് അല്‍ സലാമി സ്വപ്നയെ വിളിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
നയതന്ത്ര പരിരക്ഷ യുഎഇക്കാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് എന്‍.ഐ.എ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുണ്ടാക്കിയ ബന്ധവും വിദേശകാര്യ മന്ത്രാലത്തിന്റെ പ്രോട്ടോക്കോളിനു വിരുദ്ധമാണ്. ഇത് മന്ത്രി ജലീലിന് വിനയാകും.
അറ്റാഷെയെ ചോദ്യം ചെയ്യുന്നത് കേസില്‍ നിര്‍ണായമാവും. യുഎഇയില്‍ പോയി അറ്റാഷയെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്. പക്ഷെ ഇതിന് യുഎഇ സര്‍ക്കാരിന്റെ അനുമതി വേണം. ഈ അനുമതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ അറ്റാഷെയെ ചോദ്യം ചെയ്യേണ്ടതുണ്ട്. സ്വപ്ന കോണ്‍സുലേറ്റിലെ ജോലിയില്‍നിന്നു പുറത്തുപോയ ശേഷവും ‘ഔദ്യോഗിക’ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. ഇതാണ് സ്വര്‍ണ്ണ കടത്തിന് സഹാചര്യമുണ്ടാക്കിയത്.
മന്ത്രിമാര്‍ പോലും സ്വപ്നയ്ക്ക് ജോലി പോയത് അറിഞ്ഞില്ല. ഉന്നത ബന്ധങ്ങളുണ്ടാക്കാന്‍ സ്വപ്നയെ സഹായിച്ചതും ഈ ജോലിയായിരുന്നു.
എം. ശിവശങ്കറുമായി സ്വപ്ന അടുത്ത് പരിചയപ്പെടുന്നത് കോണ്‍സുലേറ്റില്‍ ജോലിചെയ്യുന്ന ഘട്ടത്തിലാണ്. കോണ്‍സുലേറ്റിലെ ജോലിയില്ലാതായശേഷവും കോണ്‍സല്‍ ജനറലുമായി സ്വപ്ന ബന്ധംപുലര്‍ത്തി. ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പുറത്തുപോകുന്നതും പതിവായിരുന്നു.
സ്വര്‍ണക്കടത്ത് കേസ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാല്‍ അന്വേഷണ പുരോഗതി ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ വിലയിരുത്തുന്നു. ഇതിനിടെയാണ് മന്ത്രി ജലീലും കോണ്‍സുലേറ്റിലെ പ്രധാനിയുമായുള്ള വാട്സാപ്പ് സന്ദേശം പുറത്തു വന്നത്.
ഭക്ഷണ കിറ്റിനായി നടത്തിയ ഈ ആശയ വിനിമയം നയതന്ത്ര ചട്ടങ്ങളെല്ലാം ലംഘിക്കുന്നതാണ്. ഇതിനൊപ്പം കോണ്‍സുലേറ്റിലെ ധനകാര്യ വിഷയങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ച കമ്പനിയും സംശയ നിഴലിലാണ്. ഹവാല പണം ഇടപാട് ഇതുവഴി നടന്നോ എന്ന് പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് മന്ത്രിയുടെ അവിഹിത ഇടപെടല്‍.
കോണ്‍സുലേറ്റുമായുള്ള ബന്ധം എങ്ങനെയാവണമെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖ പാലിക്കാതെയാണ് മന്ത്രി ജലീലിന്റെ വാട്സ്ആപ്പ് ചാറ്റ്. റംസാന് കിറ്റ് നല്കാന് മന്ത്രി കെ.ടി. ജലീല്‍ യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിനെ നേരിട്ട് വിളിച്ചുവെന്നാണ് മന്ത്രിതന്നെ വിശദീകരിച്ചത്. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഒരു നയതന്ത്ര സ്ഥാപനത്തില്‍ സാമ്പത്തികസഹായം നേരിട്ട് കൈപ്പറ്റുന്നത് അതിലേറെ ഗുരുതരവീഴ്ചയാണ്. മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ എന്താണ് നടപടിയെന്ന് വിശദീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ മന്ത്രിയില്‍നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിശദീകരണം തേടാം. ഇതു ചെയ്യുമെന്നാണ് സൂചന.
ഇതിനൊപ്പം സംസ്ഥാന സര്‍ക്കാരിനും വിദേശകാര്യമന്ത്രാലയം കത്ത് നല്‍കും. ഇത് പുതിയ ചര്‍ച്ചകള്‍ക്കും വഴി വച്ചേക്കാം. ഏത് സാഹചര്യത്തിലായായലും മന്ത്രിക്ക് യുഎഇയുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. നയതന്ത്രത്തിന് അപ്പുറത്തേക്കുള്ള രഹസ്യ ഇടപാടുകള്‍ നടന്നുവെന്നതിന് തെളിവാണ് ഇതെന്നും എന്‍ഐഎ വിലയിരുത്തുന്നു.