എസ്.ആർ.സുധീർകുമാർ
കൊല്ലം: ജില്ലയെ ഞെട്ടിച്ച് കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. സമ്പർക്ക വ്യാപനം സമൂഹ വ്യാപനത്തിലേക്ക് മാറുമോ എന്ന ആശങ്കയിലാണ് കൊല്ലം. ഇന്നലെ മാത്രം ജില്ലയിൽ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശത്ത് നിന്നും നാലു പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 32 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴി ആണെന്നാണ് നിഗമനം.
ഇതിൽ തന്നെ ഉറവിടം കൃത്യമായി വൃക്തമാകാത്ത കേസുകളും ഉണ്ട്. അതേ സമയം 17 പേർക്ക് കൂടി രോഗമുക്തി ഉണ്ടായി എന്നത് അൽപ്പം ആശ്വാസത്തിന് വക നൽകുന്ന കാര്യമാണ്. മത്സ്യവിൽപ്പനക്കാർ വഴി സമ്പർക്ക രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഇന്നലെ വൈകുന്നേരം മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു.
ഇത് ലംഘിക്കുന്നവർക്ക് എതിരേ കർശന നടപടി ഉണ്ടാകും. കുരീപ്പുഴ സ്വദേശി (38) ജൂലൈ 13 ന് കന്യാകുമാരിയിൽ നിന്നുമെത്തി. കൊട്ടാരക്കര തലച്ചിറ സ്വദേശികളായ 46ഉം 55ഉം വയസുള്ളവർ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചു. കുരീപ്പുഴ സ്വദേശി (26) കന്യാകുമാരിയിൽ നിന്നുമെത്തി.
കൊല്ലം സിറ്റിയിൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ പോലീസ് ഏർപ്പെടുത്തി.സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും പരിശോധനകളും ശക്തമാക്കി.
വിവിധ സ്റ്റേഷൻ പരിധികളിൽ പോലീസ് നടത്തിയ പരിശോധനകളിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 53 പേർക്കെതിരെ 37 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 304 പേർക്കെതിരെ നടപടി സ്വീകരിച്ചു.
സാമൂഹിക അകലം പാലിക്കാത്തതിനും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിനുമായി 176 പേർക്കെതിരെയും കേരളാ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം പിഴ ഈടാക്കി.
കൊട്ടാരക്കര: നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 26 പേരെ അറസ്റ്റ് ചെയ്തു 14 വാഹനങ്ങള്‍ പിടിച്ചെടുത്തു.മാസ്ക് ഉപയോഗിക്കാത്തതിന് 102 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.