കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാനിയായ ഫൈസല്‍ ഫരീദിനു വേണ്ടി ദുബായിയില്‍നിന്ന് സ്വര്‍ണമയച്ചത് കഴിഞ്ഞദിവസം കസ്റ്റംസ് പിടിയിലായ മൂവാറ്റുപുഴ സ്വദേശിയായ എം.എ. ജലാലിന്റെ കൂട്ടാളി.
മൂവാറ്റുപുഴ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ ദുബായിയിലാണ്. ജലാല്‍ ഉള്‍പ്പെട്ട നെടുമ്പാശേരി വിമാനത്താവള സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഈ കേസില്‍ പിടിയിലാകുമെന്ന ഘട്ടത്തിലാണ് ഉന്നതരുടെ സഹായത്തോടെ ഇയാള്‍ രാജ്യം വിട്ടത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാൻഡലിംഗ് ഏജന്‍സിയുടെ സഹായത്തോടെ 4000 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയാണ് കഴിഞ്ഞ ദിവസം പിടിയിലായ ജലാല്‍.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട ഈ കേസില്‍ ഗ്രൗണ്ട് ഹാൻഡിലിംഗ് ഏജന്‍സിയുടെ 47 ജീവനക്കാരെ ക സ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഏജന്‍സിയിലെ സൂപ്പര്‍വൈസറായിരുന്നു ഇപ്പോള്‍ ദുബായിയിലേക്ക് കടന്ന മൂവാറ്റുപുഴ സ്വദേശി.
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കസ്റ്റംസ് അധികൃതര്‍ തയാറായിട്ടില്ല. ഇയാളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്നു പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് കസ്റ്റംസിന്റെ തീരുമാനം.
കേസിലെ രണ്ടാം പ്രതി റെമീസും ജലാലുമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗിലൂടെ എത്തുന്ന സ്വര്‍ണം വിതരണം ചെയ്തിരുന്നത്.
കഴിഞ്ഞദിവസം കസ്റ്റംസ് പിടിയിലായ റെമീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഫൈസല്‍ ഫരീദിനായി ദുബായിയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചത്.
റെമീസും സന്ദീപ് നായരും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിനുള്ള രൂപരേഖ തയാറാക്കുന്നത്. തുടര്‍ന്ന് ഫൈസല്‍ ഫരീദിന് വിവരങ്ങള്‍ കൈമാറുകയും നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം അയക്കുകയും ചെയ്യും.
സ്വപ്ന സുരേഷും സരിത്തും ചേര്‍ന്നാണ് സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കുക. തുടര്‍ന്ന് റെമീസിന് കൈമാറും. ഇയാള്‍ ജലാലുമായി ചേര്‍ന്ന് പണം നല്‍കിയവര്‍ക്ക് സ്വര്‍ണം വിതരണം ചെയ്യുകയായിരുന്നു രീതിയെന്നും കസറ്റംസ് പറയുന്നു.
സ്വര്‍ണം ആവശ്യമുള്ളവരെ കണ്ടെത്തിയിരുന്നതും അവരെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചതും ജലാല്‍ തന്നെയായിരുന്നു. കേസില്‍ ഇനിയും ഒരു പാട് കണ്ണികളുണ്ടെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. അതേസമയം വിദേശമന്ത്രാലയം പാസ്പോര്‍ട്ട് റദ്ദാക്കിയ ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് ചോദ്യം ചെയ്തതായാണ് അറിയുന്നത്.