കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത സംജുവിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
സംജുവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. നയതന്ത്രപാഴ്സല്‍ വഴി എത്തുന്ന സ്വര്‍ണം ജ്വല്ലറികളിലെത്തിച്ചത് ജീവകാരുണ്യ പ്രവര്‍ത്തനം മറയാക്കിയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിജസ്ഥിതി അറിയാന്‍ അന്വേഷണം ആരംഭിച്ചത്.
എരിഞ്ഞക്കലില് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. സംജുവിന്റെ ഭാര്യാ പിതാവാണ് ട്രസ്റ്റിന്റെ നിര്‍വാഹക സമിതി അംഗം. മറ്റു ബന്ധുക്കളും ട്രസ്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ട്രസ്റ്റുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്. ട്രസ്റ്റിന് കീഴിലുള്ള ആംബുലന്‍സിന്റെ സേവനങ്ങളെക്കുറിച്ചും വിശദമായി പരിശോധിച്ചുവരികയാണ്. രാത്രി കാലങ്ങളില്‍ ആംബുലന്‍സ് പലപ്പോഴും ഓടിയിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇതേത്തുടര്‍ന്നു യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകവും പരിശോധിക്കും. അതേസമയം, ഹോംകെയറിനു വേണ്ടി മാത്രമാണ് ആംബുലന്‍സ് ഉപയോഗിച്ചിരുന്നതെന്നാണ് ട്രസ്റ്റിന്റെ വാദം.
ചാരിറ്റബിള്‍ ട്രസ്റ്റിന് പോലീസ് സുരക്ഷ ഒരുക്കി
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സംജുവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ എരഞ്ഞിക്കലിലെ ചാരിറ്റബിള്‍ ട്രസ്റ്റിനും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിനു പോലീസ് സുരക്ഷ ശക്തമാക്കി.
സംജുവിനും ബന്ധുക്കള്‍ക്കും ബന്ധമുള്ള ഈ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയത്. സിറ്റി പോലീസ് കമ്മീഷണറുടെ സ്ട്രൈക്കര്‍ ഫോഴ്സും കണ്ട്രോള് റൂം പാര്‍ട്ടിയും എലത്തൂര്‍ പോലീസുമാണ് സുരക്ഷ ഒരുക്കുന്നത്.
ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇവിടേക്കു പ്രതിഷേധം നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസിനെ വിന്യസിപ്പിച്ചത്.
സ്വര്‍ണക്കടത്ത് സംഘത്തിന് കരകുളത്തും ഫ്ലാറ്റ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് സംഘത്തിന് തിരുവനന്തപുരം കരകുളത്തും ഫ്ലാറ്റ്. കേസിലെ പ്രതി സന്ദീപ് നായര്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്തത് ആള്‍മാറാട്ടം നടത്തിയതായി തെളിഞ്ഞു.
ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഭാര്യയുടെ ആധാര്‍ കാര്‍ഡ് നല്കി.
ഫ്ലാറ്റിൽ അവസാനം വന്നപ്പോള്‍ മദ്യപിച്ചു ബഹളംവച്ചു. ഇതിനെ അയല്‍ക്കാര്‍ താക്കീത് ചെയ്യുകയും ഉടമ പൊലീസില്‍ പരാതിപ്പെട്ടതായും അസോസിയേഷന് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.