സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷനു കീഴിലുള്ള സ്നേഹവീട്ടിൽ കക്കൂസ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി.
കോർപറേഷൻ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോണ്‍ ഡാനിയേലാണ് പരാതി നൽകിയത്. തൃശൂർ കോർപ്പറേഷൻ രാമവർമപുരത്തു പരിഗണിക്കുന്ന 100 കെഎൽഡി സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാന്റിനായി കോർപ്പറേഷന്റെ കീഴിലുള്ള വയോജന കേന്ദ്രമായ സ്നേഹവീടിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഇത് ഇവിടെ താമസിക്കുന്ന മുതിർന്ന പൗരൻമാരടക്കമുള്ള അന്തേവാസികളോടുള്ള മനുഷ്യാവകാശ ലംഘനമാണെന്നും അവരുടെ ആരോഗ്യത്തിന് ഈ കേന്ദ്രം ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു.
മാലിന്യവും കൊണ്ടുള്ള ലോറികളുടെ വരവും ബു്ദ്ധിമുട്ടുണ്ടാക്കുമെന്ന് ജോണ്‍ ഡാനിയേൽ പറഞ്ഞു.
സ്നേഹവീട് മെച്ചപ്പെടുത്തുന്നതോ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതോ ആയ പദ്ധതികളാണ് ഇവിടെ ആവശ്യമെന്നും ജനവാസ മേഖലയായ സ്നേഹവീടിന് ചുറ്റും താമസിക്കുന്ന പരിസരവാസികളുടെ അഭിപ്രായം കക്കൂസ് മാലിന്യ പ്ലാന്റിന്റെ കാര്യത്തിൽ കോർപ്പറേഷൻ ഇതുവരെയും തേടിയിട്ടില്ലെന്നും മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.