ഇംഗ്ലണ്ടിലെ ചരിത്രപ്രധാനമായ നഗരമാണ് യോർക്ഷയർ. എന്നാലിപ്പോൾ ഏഴ് ആഴ്ചയ്ക്കുള്ളിൽ അഞ്ചു കൊലപാതകങ്ങൾ നടന്ന ഇടം എന്ന രീതിയിൽ കുപ്രസിദ്ധിയാർജിച്ചുകൊണ്ടിരിക്കുകയാണ് ഈ നഗരം.
കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കുള്ളിൽ അഞ്ചു സ്ത്രീകളാണ് യോർക്ഷെയറിലെ ഡോൺകാസ്റ്ററിൽ കൊല്ലപ്പെട്ടത്. അഞ്ചും സമാനമായ കൊലപാതകങ്ങൾ. അഞ്ചിലും നിഴലിക്കുന്നത് ഒരേ ദുരൂഹത.
2019ൽ സൗത്ത് യോർക്ഷെയറിൽ നടന്ന ആകെ കൊലപാതങ്ങളുടെ നിരക്കിനേക്കാൾ അധികമാണ് കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കുള്ളിൽ നടന്ന കൊലപാതകങ്ങളെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പറയുന്നു.
യോർക്ഷെയറിലെ ഡോൺകാസ്റ്റർ എന്ന പട്ടണത്തിൽ നടന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
തുടക്കം ഇങ്ങനെ…
മേയ് 19ന് അമാൻണ്ട സെഡ്വിക് എന്ന 49കാരിയെ മാനോർവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയിടത്താണ് കൊലപാതക പരന്പരയുടെ തുടക്കം.
സംഭവത്തിൽ 48കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ഉപാധികളോടെ വിട്ടയയ്കയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കവേ, മേയ് 24ന് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ കൊലപാതകം നടന്നു.
റാംസ്കിർ വ്യൂവിലെ ഒരു വീട്ടിൽ വച്ചാണ് മിഷേൽ മോറിസ് എന്ന 52കാരിയുടെ തലയ്ക്ക് അടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നു ദിവസം മരണത്തോടു മല്ലടിച്ച് നാലാം ദിവസം മിഷേൽ മരണത്തിനു കീഴടങ്ങി.മിഷേലിന്റെ മരണത്തിൽ മൂന്നു പേർക്കു നേരെയാണ് പോലീസിന്റെ സംശയം നീണ്ടത്.
47ഉം 33ഉം വയസുള്ള രണ്ടു പുരുഷന്മാർക്കും 24 വയസുള്ള യുവതിക്കും മിഷേലിന്റെ മരണത്തിൽ പങ്കുണ്ടെന്ന് പോലീസ് സംശയിച്ചു. ഇവരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
ഇരുത്തിയാറുകാരി
രണ്ടു കൊലപാതങ്ങൾകൊണ്ട് അവസാനിച്ചുവെന്നു സമാധാനിച്ചിരുന്ന നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരേയും ഭീതിയിലാഴ്ത്തിക്കൊണ്ട് ജൂൺ അഞ്ചിനു മൂന്നാമത്തെ കൊലപാതകവും നടന്നു. എമി ലിയാനെ സ്ട്രീംഗ്ഫെല്ലോ എന്ന ഇരുപത്തിയാറുകാരി കൊല്ലപ്പെട്ടു.
ഡ്രൈഡെൻ റോഡിലുള്ള സ്വവസതിയിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് എമിയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്ക്ഡൗൺ വേളയിൽ ഇവരെ സന്ദർശിച്ച ബോയ്ഫ്രണ്ട് ടെറൻസ് പാപ്വർത്താണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നിരീക്ഷണം.
ജൂൺ എട്ടിന് നാലാമത്തെ കൊലപാതകവും അരങ്ങേറി. ഡോൺകാസ്റ്റർ മെയിൻ സ്ട്രീറ്റിലെ പുരയിടത്തിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടു പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. 28 വയസുള്ള യുവതിയുടെ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ക്ലെയർ ആൻഡേഴ്സൺ എന്ന മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു അതിക്രൂരമായ കൊലപാതകത്തിന്റെ അഞ്ചാമത്തെ ഇര. 35 വയസായിരുന്നു. തോൺ റോഡിലുള്ള വസ്തുവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 38 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തുടർച്ചയായ ഏഴ് ആഴ്ചയ്ക്കുള്ളിലാണ് ഡോൺകാസ്റ്റർ എന്ന ചെറിയ പട്ടണത്തിനുള്ളിൽ അഞ്ചു കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. സംഭവങ്ങൾ തമ്മിലുള്ള ദിവസങ്ങളുടെ ഇടവേള മാത്രമാണുള്ളത്. മാത്രമല്ല കൊല്ലപ്പെട്ടവർ മധ്യവയസ്കരായ യുവതികളും.
നിലവിൽ കൊലപാതകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികളില്ലെങ്കിലും ഇതൊരു കൊലപാതക പരന്പരയുടെ ഭാഗമാകാമെന്നുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
ഇനി മുന്നോട്ടുള്ള ആഴ്ചകളിലും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യതയുള്ളതിനാൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തുകയാണ്.