സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ജബൽപൂരിൽ നിന്നു നാഗ്പൂരിലേക്കുള്ള യാത്രക്കിടെ വഴി തെറ്റി ട്രെയിനിൽ കയറി തൃശൂരിലെത്തിയ കുട്ടിയാദവ് എന്ന 42 കാരിക്കു തൃശൂർ ജില്ല ഭരണകൂടത്തിന്റെയും മെഡിക്കൽ കോളജിന്റെയും പരിശ്രമഫലമായി ഒടുവിൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുങ്ങി.
മധ്യപ്രദേശിലെ ജബൽപൂരിലെ ബന്ധുക്കളെ കണ്ടെത്തി ഈ സ്ത്രീയെ നാട്ടിലേക്ക് തിരിച്ചയക്കാൻ കോവിഡ് പ്രതിരോധത്തിന്റെ തിരക്കുകൾക്കിടയിലും അധികൃതർ തയ്യാറാവുകയായിരുന്നു.
സബ് കളക്ടർ ഹരിത, മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസ്, സൂപ്രണ്ട് ഡോ.ബിജുകൃഷ്ണൻ, ഡോ.സി.രവീന്ദ്രൻ, ഡോ.ശരണ്യ, ഡോ.ദിവ്യ എന്നിവരുടെ ഇടപെടലാണ് ജബൽപൂരിലേക്കുള്ള കുട്ടിയാദവിന്റെ തിരിച്ചുപോക്കിന് വഴിയൊരുക്കിയത്.
ചെറിയൊരു മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഈ സ്ത്രീ ട്രെയിൻ മാറിക്കയറിയാണ് തൃശൂരിലെത്തിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു നടക്കുന്നതുകണ്ട പോലീസ് പൂങ്കുന്നം ഹയർ സെക്കന്ററി സ്കൂളിലെ അഭയാർഥി കേന്ദ്രത്തിലും തുടർന്ന് ഗവ.മെഡിക്കൽ കോളേജിലുമെത്തിച്ചു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസിക വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവരെ ഡോ.സുമേഷിന്റെ നേതൃത്വത്തിൽ ചികിത്സിച്ചു. കൗണ്‍സലിംഗ് വഴി ഇവരുടെ കഥയറിഞ്ഞു. ലോക്ഡൗണ്‍ കാലത്ത് ജോലി തേടിയാണ് ഇവർ വീടുവിട്ടതെന്ന് പറയുന്നു. പേരും മേൽവിലാസവും പറയാൻ അറിയില്ലായിരുന്നു.
കാര്യങ്ങൾ മെഡിക്കൽ കോളജ് അധികൃതർ ജില്ല ഭരണകൂടത്തെ അറിയിച്ചപ്പതോൾ തൃശൂർ സബ് കലക്ടർ ഹരിത ഇവരുടെ ഫോട്ടോയെടുത്ത് ജബൽപൂരിലെ സഹപാഠികളായിരുന്ന ജില്ല കളക്ടർക്കും മറ്റു ഉദ്യോഗസ്ഥർക്കും അയച്ചു കൊടുത്തു.
തുടർന്ന് ആ ഫോട്ടോ വെച്ച് അവർ നടത്തിയ അന്വേഷണത്തിലാണ് ഈ സ്ത്രീയുടെ ബന്ധുക്കളെ അവിടെയുള്ള ഒരു ഗ്രാമത്തിൽ നിന്നു കണ്ടെത്തിയത്. ഇവരുടെ സഹോദരൻ സഞ്ജയ് യാദവിനെയും കണ്ടെത്തിയപ്പോൾ കുട്ടിയാദവിനെ അയാൾ തിരിച്ചറിഞ്ഞു.
മധ്യപ്രദേശിൽ നിന്നും സഹോദരനൊപ്പം പോലീസ് തൃശൂരിലെത്തുകയും തൃശൂർ ജില്ല ഭരണകൂടവും മെഡിക്കൽ കോളജ് അധികൃതരും രേഖകൾ പരിശോധിച്ച ശേഷം കുട്ടിയാദവിനെ പോലീസിനൊപ്പം നാട്ടിലേക്ക് പറഞ്ഞയക്കാൻ തീരുമാനിക്കുകയുമായിരുന്നു.
മെഡിക്കൽ കോളജിന്റെ ആംബുലൻസിലാണ് കുട്ടിയാദവിനെ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. യാത്രയാക്കാനെത്തിയ മെഡിക്കൽ കോളജ് അധികൃതരോട് കണ്ണീരോടെ നന്ദി പറഞ്ഞ് കൈകൂപ്പിയാണ് കുട്ടിയാദവും സഹോദരനും ട്രെയിൻ കയറിയത്.