തിരുവനന്തപുരം: കൈഞരന്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് സ്വകാര്യാശുപത്രിയിൽ ചികിത്സയില്ഡ കഴിയുന്ന യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായ ജയഘോഷ് മജിസ്ട്രേറ്റിനു മുന്പാകെ മൊഴി നൽകി.
ഭയം കൊണ്ടാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ജയഘോഷ് മൊഴി നൽകിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ജയഘോഷ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
ജയഘോഷിന്റെ ആരോഗ്യസ്ഥിതി ഭേദമായ ശേഷം വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കും. ജയഘോഷ് അപകടനില തരണം ചെയ്തിട്ടുണ്ട്.
ജയഘോഷിനെ കാണാതാകുന്നതിനു മുന്പ് അവസാനമായി ഫോൺ വിളിച്ചത് സുഹൃത്തും പോലീസുകാരനുമായ നാഗരാജാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നാഗരാജിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. താൻ ജയഘോഷിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് നാഗരാജ് മൊഴി നൽകിയത്.
ജയഘോഷ് മാനസിക സംഘർഷത്തിലായിരുന്നുവെന്ന് നാഗരാജ് നൽകിയ മൊഴിയിൽ പറയുന്നു. സ്വർണക്കടത്ത് വാർത്തകൾ പുറത്തുവന്നതോടെയാണ് ജയഘോഷ് മാനസിക സമ്മർദ്ദത്തിലായത്.
സ്വർണക്കടത്ത് വിവരം ചോർന്നതിനു പിന്നിൽ ജയഘോഷിനെ സ്വപ്നയും സംഘവും സംശയിക്കുന്നുവെന്ന ഭയവും അവർ കൊലപ്പെടുത്തുമെന്നുള്ള ഭീതിയുമാണ് ജയഘോഷിനെ മാനസിക സമ്മർദ്ദത്തിലാക്കിയതെന്ന് നാഗരാജ് പോലീസിനോട് വ്യക്തമാക്കി.