കോഴിക്കോട്: നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ഇന്ന് ചോദ്യം ചെയ്യും.
കോഴിക്കോട് അരക്കിണറിലുള്ള ഹെസ ജ്വല്ലറി പാര്‍ട്ടണര്‍മാരായ കൊടുവള്ളി മാനിപുരം കൈവേലിക്കല്‍ കെ.വി.മുഹമ്മദ് അബ്ദുഷമീം(26), കോങ്കണിപറമ്പ് ജാസ്മഹല് സി.വി.ജിഫ്സല് എന്നിവരെയാണ് കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നത്.
ജ്വല്ലറിയില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. 3.72 കിലോ സ്വര്‍ണമാണ് പിടിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒരു കോടി 1. 70 കോടി രൂപ വിലവരും.
അതേസമയം സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സ്വപ്ന സുരേഷുമായോ സരിത്തുമായോ ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. പാര്‍ട്ണര്‍മാരായ മൂന്നുപേര്‍ കൂടി കസ്റ്റംസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
കേസില്‍ നേരത്തെ അറസ്റ്റിലായ മഞ്ചേരി കൂമംകുളം സ്വദേശി അന്‍വറുമായുള്ള അടുപ്പമാണ് അബ്ദുഷമീമിനുള്ളത്. ഇയാള്‍ക്ക് മറ്റു കേസുകളിലൊന്നും പങ്കില്ലെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം ജിഫ്സലിനെതിരേ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് നേത്തെ കേസുകളുണ്ട്. കഴിഞ്ഞ ഓഗസറ്റില്‍ നെടുമ്പാശേരി വഴി ആറ് കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലാണ് ജിഫ്സല് പ്രതിയായുള്ളത്.
അബ്ദുഷമീം അന്‍വറിനൊപ്പമാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതികളെ കാണാനെത്തിയത്. എന്നാല്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അബ്ദുഷമീമിനറിയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.