പയ്യന്നൂര്‍: ജീവിതത്തിലാദ്യമായി 88-ാം വയസില്‍ നാരായണന് പിറന്നാൾ ആഘോഷിച്ചു. അതിന് കളമൊരുക്കിയത് പഴയങ്ങാടി ഏഴോം പൊടിത്തടത്തെ ഗാര്ഡിയന് എയ്ഞ്ചല്‍സും അമരക്കാരനായ ഉസ്താദ് റഷീദ് സദ്ദാഫിയും.
ഇന്നലെ വൈകുന്നേരം നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ സന്തോഷമുണ്ടെങ്കിലും ഉറ്റവരും ഉടയവരുമുണ്ടായിട്ടും ഇതുവരെ ഒരു പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാതിരുന്നതിന്റെ വിഷമവും നാരായണനെ അലട്ടുന്നുണ്ട്. കരിവെള്ളൂരിലാണ് ജനനം.
പോലീസില്‍ ചേരണമെന്ന താല്പര്യമുണ്ടായിരുന്നെങ്കിലും ഫിറ്റ്നസില്‍ പരാജയപ്പെട്ടതോടെ ആ മോഹവും അസ്തമിച്ചു. പിതാവിന്റെ മരണത്തോടെ നാലു സഹോദരങ്ങളേയും അമ്മയേയും സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുത്ത നാരായണന് പിന്നീട് നടത്തിയ കയ്യും മെയ്യും മറന്നുള്ള അദ്ധ്വാനത്തിലൂടെ നേടിയത് നാല്‍പ്പത് ഏക്കര്‍ ഭൂമിയാണ്.
അതിനിടയില്‍ വിവാഹിതനായ നാരായണന് നാലുമക്കളുമായി.
ഒരു ദുര്‍ബല നിമിഷത്തില്‍ ഭാര്യയെയും കുഞ്ഞു മക്കളെയും ഒഴിവാക്കി നാടുവിട്ട് പോവേണ്ടി വന്നു. പിന്നീട് വിവിധ സ്ഥലങ്ങളിലൂടെയുള്ള 52 വര്‍ഷം നീണ്ട അലച്ചിലുകളായിരുന്നു.
അക്കരപ്പച്ചകളെല്ലാം മിഥ്യയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ജീവിതത്തിന്റെ നല്ലകാലം നഷ്ടമായിരുന്നു.ഒടുവില്‍ പ്രതീക്ഷയോടെ തിരിച്ചെത്തുമ്പോഴേക്കും സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ടപ്പെട്ടിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമല്ല കൂടപ്പിറപ്പുകളിലും അപരിചിതത്വം പ്രകടമായതോടെ നെഞ്ചില്‍ വിങ്ങലുയര്‍ന്നു.
എങ്കിലും നാരായണന് ആരോടും പരാതിയും പരിഭവവുമില്ല.തന്റെ ചെയ്തികള്‍ക്ക് കിട്ടിയ പ്രതിഫലമാണിതെന്ന് നാരായണന് ബോധ്യമുണ്ട്. ലക്ഷ്യമില്ലാത്ത യാത്രകള്‍ക്കൊടുവില്‍ രോഗത്താല്‍ അവശനായ നാരായണന് എത്തിപ്പെട്ടത് പയ്യന്നൂരിന്റെ തെരുവുകളിലാണ്. ആരെങ്കിലും വല്ലതും കൊടുത്താല്‍ വിശപ്പടക്കും.
കടത്തിണ്ണകളിലൂടെയുള്ള അന്തിയുറക്കങ്ങള്ക്കൊടുവിലാണ് പയ്യന്നൂര്‍ പോലീസ് നാരായണനെ കണ്ടെത്തി ഗാര്ഡിയന് എയ്ഞ്ചല്‍സിനെ ഏല്‍പ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 25 മുതല്‍ നാരായണന്റെ ജീവിതം ഇവിടെയാണ്.
ഇവിടുത്തെ പരിചരണത്തില്‍ ആരോഗ്യം വീണ്ടെടുത്ത നാരായണനാണ് വയസുപറയുന്ന കൂട്ടത്തില്‍ തന്റെ ജന്മദിനം ഓര്‍ത്തെടുത്ത് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ഇന്നലെ പുതുവസ്ത്രങ്ങളണിഞ്ഞ് ഇവിടുത്തെ അന്തേവാസികളായ നാല്പത് പേരോടൊത്ത് നാരായണന് ജന്മദിനം ആഘോഷിച്ചത്.