പാലാ: ഭരണങ്ങാനത്ത് ഇന്ന് അൽഫോൻസാ തിരുനാളിനു കൊടിയേറുന്പോൾ ജിനിലിന്റെ ഹൃദയത്തിൽ കൃതജ്ഞതാപ്പൂക്കൾ വിരിയും. സിസ്റ്റർ അൽഫോൻസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താൻ കാരണമായ അത്ഭുതം തന്നിലൂടെ സംഭവിച്ചതിന്റെ ധന്യതയിലാണ് വൈദിക വിദ്യാർഥിയായ ജിനിൽ.
ജന്മനാ വളഞ്ഞിരുന്ന ജിനിലിന്റെ കാലുകൾ അൽഫോൻസാമ്മയിൽ മാധ്യസ്ഥ്യം തേടി മാതാപിതാക്കൾ നടത്തിയ യാചനാപ്രാർഥനയിൽ അത്ഭുതകരമായി സുഖപ്പെട്ടു.
ഈ സൗഖ്യാത്ഭുതം കത്തോലിക്കാസഭ അംഗീകരിച്ചതോടെയാണ് അൽഫോൻസാമ്മ ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി ഉയർത്തപ്പെട്ടത്.
അൽഫോൻസാമ്മയുടെ ഭക്തനായ ജിനിൽ പുണ്യവതിയുടെ കൃപയിൽ സ്കൂൾ പഠനത്തിനുശേഷം പാലാ മൈനർ സെമിനാരിയിൽ ചേർന്നു.
കുറുപ്പുന്തറ മണ്ണാറപ്പാറ ഒഴുതൊട്ടിയിൽ ഷാജി-ലിസി ദന്പതികളുടെ മകനായ ജിനിൽ മാർ അപ്രേം മൈനർ സെമിനാരിയിൽ പഠനത്തിനുശേഷം കുന്നോത്ത് മേജർ സെമിനാരിയിൽ ഫിലോസഫി പഠനത്തിനു പോകാനുള്ള ഒരുക്കത്തിലാണ്.
2008 ഒക്ടോബർ 12ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് ജനലക്ഷങ്ങളെ സാക്ഷിയാക്കി അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. അന്ന് പത്തു വയസായിരുന്ന ജിനിലും അത്യാഹ്ളാദകരമായ ആ ചടങ്ങിനു സാക്ഷിയായി.
സെമിനാരിയിൽനിന്നു നാലു കിലോമീറ്റർ നടന്നാണു പ്ലസ് ടു പഠിക്കാൻ പോയിരുന്നതെന്നും തന്റെ കാലുകൾക്ക് ഇപ്പോൾ ഒരു പരിമിതിയുമില്ലെന്നും ബാല്യത്തിൽ കാലുകൾ വളഞ്ഞിരുന്നതായി കേൾക്കുന്പോൾ അത്ഭുതം തോന്നുന്നതായും ജിനിൽ പറഞ്ഞു.
അൽഫോൻസാമ്മയുടെ തിരുനാളിനു മുടങ്ങാതെ ഭരണങ്ങാനത്ത് എത്തിയിരുന്ന ജിനിൽ ഇക്കൊല്ലം സെമിനാരി ചാപ്പലിൽ പ്രാർഥാനാപൂർവ്വം ചെലവഴിക്കാനുള്ള തീരുമാനത്തിലാണ്.
അൽഫോൻസാമ്മയോടു പ്രാർഥിച്ചാൽ ജിനിലിന്റെ കാലുകൾക്കു സൗഖ്യം കിട്ടുമെന്ന ആശ്വാസം പകർന്നു കുടുംബത്തെ ഭരണങ്ങാനത്തേക്ക് അയച്ച ഫാ. ജോസഫ് വള്ളോംപുരയിടമാണ് ഇപ്പോൾ ഭരണങ്ങാനം തീർഥാടന കേന്ദ്രം റെക്ടർ.