മാനന്തവാടി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച നവവധുവിന്റെ ഭർതൃപിതാവിനെതിരെ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിനു കേസ്.
എടവക എള്ളുമന്ദം സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇക്കഴിഞ്ഞ 13നായിരുന്നു എള്ളുമന്ദം സ്വദേശിയുടെ മകന്റെ വിവാഹം.
വിവാഹശേഷമാണ് വധുവിൽ കോവിഡ് സ്ഥിരീകരിച്ചത്. വിവാഹത്തിൽ പങ്കെടുത്ത മൂന്ന് വൈദികർ ഉൾപ്പെടെ അന്പതോളം പേർ നിരീക്ഷണത്തിലാണ്.
ക്വാറന്റൈൻ ലംഘനത്തിനു ബത്തേരി സ്വദേശിയായ യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ബത്തേരിയിൽ ക്വാറന്ൈറനിലിരിക്കെ സ്രവം പരിശോധനയ്ക്കു എടുത്തശേഷം മാനന്തവാടി അന്പുകുത്തിയിൽ വാടക ക്വാർട്ടേഴ്സിൽ താസമിക്കുന്നതിനിടെ പുറത്തു സഞ്ചരിച്ചതിനാണ് യുവാവിനെതിരെ കേസ്.
ആരോഗ്യവകുപ്പ് ജീവനക്കാരുടെ പരാതിയിലാണ് രണ്ടു കേസുകളുമെന്നു പോലീസ് അറിയിച്ചു.