സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു സമീപം ഫ്ളാറ്റ് എടുത്തത് വിമാനത്താവളത്തിൽ നിന്നു കടത്തുന്ന സ്വർണം കൈമാറുന്നതിനുള്ള സുരക്ഷിത കേന്ദ്രമെന്ന നിലയിലെന്നു സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി.
ഇന്നലെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിൽ തെളിവെടുപ്പിനായി എത്തിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണു സെക്രട്ടേറിയറ്റിനു സമീപം ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതിനുള്ള കാരണം സ്വപ്ന വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ളാറ്റിനു സമീപമാണു സ്വപ്ന സുരേഷും ഫ്ളാറ്റ് എടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ സുരക്ഷയും ശക്തമാണ്.
യുഎഇ കോണ്സലേറ്റിലേക്കുള്ള സ്വർണം കസ്റ്റംസ് വിട്ടു കൊടുക്കാതായപ്പോൾ ഗൂഢാലോചന നടത്തിയതും സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിലാണെന്നും മൊഴി നൽകിയിട്ടുണ്ട്.
നേരത്തെ സന്ദീപ് നായരുടെ നെടുമങ്ങാടുള്ള കാർബണ് ഡോക്ടർ എന്ന സ്ഥാപനത്തിലായിരുന്നു കള്ളക്കടത്തു സ്വർണം നേരത്തെ കൈമാറിയിരുന്നത്. ഇതിൽ മാറ്റം വരുത്താനായിരുന്നു പദ്ധതി.
എന്നാൽ, ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത ശേഷമുള്ള സ്വർണം കസ്റ്റംസ് പിടികൂടുകയായിരുന്നു. സ്വപ്നയുടെ നഗരത്തിലെ മറ്റു ഫ്ളാറ്റുകളിലും വീടുകളിലും എൻഐഎ ഇന്നലെ തെളിവെടുപ്പു നടത്തിയിരുന്നു.
സന്ദീപ് നായരുടെ കവടിയാറിലെ ബ്യൂട്ടി പാർലറിലും കസ്റ്റംസ് തെളിവെടുപ്പു നടത്തി. സ്വർണക്കടത്തു വഴി കണ്ടെത്തിയ പണം ഉപയോഗിച്ചാണു ബ്യൂട്ടി പാർലർ നടത്തിയിരുന്നതെന്നു സന്ദീപ് എൻഐഎയെ അറിയിച്ചു.
സന്ദീപ് നായരുടെ അരുവിക്കരയിലെ വീട്ടിൽ നിന്നു ചില സാധനങ്ങൾ പിടിച്ചെടുക്കുകയും മഹസർ തയാറാക്കുകയും ചെയ്തിരുന്നു.