എടവിലങ്ങ്: അത്യാസന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇതര സംസ്ഥാനക്കാരന്റെ ആശുപത്രി ബില്ലടയ്ക്കാൻ സ്വർണ മോതിരം ഊരി നൽകിയ എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പൻ യഥാർഥ പൊതുപ്രവർത്തനത്തിനു മാതൃകയായി.
എടവിലങ്ങ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന ഉത്തരേന്ത്യൻ കുടുംബത്തിലെ ഗൃഹനാഥനായ സുരേഷ് കുമാറിനെ (49) ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.
കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ തുടർചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി വീട്ടുകാർ വാർഡ് മെന്പറായ മിനി തങ്കപ്പന്റെ സഹായം തേടുകയായിരുന്നു.
ആശുപത്രിയിലെത്തിയ മിനി രോഗിയുടെ ബില്ലടയ്ക്കാൻ തന്റെ സ്വർണ മോതിരം ഊരി നൽകി. മെന്പറുടെ ഇടപെടലിലൂടെ ആശുപത്രി അധികൃതരും ബില്ലിൽ ഇളവു നൽകി.
തുടർന്നു പൊതുപ്രവർത്തകനായ രഞ്ജിത്ത് രോഗിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
ഒരു ജീവൻ രക്ഷിക്കാനായിലെങ്കിലും നിരാശ്രയരായ കുടുംബത്തിനു മുന്നിൽ സഹായവുമായെത്തിയ മിനി തങ്കപ്പൻ എന്ന ജനപ്രതിനിധി പൊതുപ്രവർത്തന രംഗത്തെ മിന്നുന്ന നൻമയുടെ അടയാളമായി മാറുകയാണ്.