കോയന്പത്തൂർ: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പേരൂർ അറുമുഖ കൗണ്ടർ വീഥി ശക്തിവേലിന്റെ മകൾ ഐശ്വര്യ(18)യെയാണ് രതീഷ് എന്ന യുവാവ് കുത്തിക്കൊന്നത്.
സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യയും മോട്ടോർ വൈൻഡിംഗ് തൊഴിലാളിയായ രതീഷും പ്രണയത്തിലായിരുന്നു.
പ്രണയവിവരം പെണ്‍കുട്ടിയുടെ വീട്ടിലറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഐശ്വര്യ രതീഷുമായുള്ള പ്രണയം അവസാനിപ്പിച്ചു.
എന്നാൽ വെള്ളിയാഴ്ച്ച രാത്രി 8.30ന് യുവാവ് ഐശ്വര്യയുടെ വീട്ടിലെത്തി പ്രണയം വീണ്ടും തുടരാൻ ആവശ്യപ്പെട്ടെങ്കിലും ഐശ്വര്യ ഇതിനു വിസമ്മതിച്ചു.
ഇതിൽ കുപിതനായ രതീഷ് കൈയിൽ ഒളിപ്പിച്ചുവച്ച കത്തികൊണ്ട് ഐശ്വര്യയുടെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. ഐശ്വര്യയുടെ നിലവിളികേട്ട് ഓടിവന്ന ശക്തിവേലിനെയും ഇയാൾ കുത്തി പരിക്കേല്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അയൽക്കാർ കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക് ഐശ്വര്യ മരിച്ചു. ഒളിവിൽപോയ രതീഷിനായി പേരൂർ പോലീസ് അന്വേഷണം തുടങ്ങി.