തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളം കേന്ദ്രീകരിച്ച് അന്വേഷണത്തിന് നടപടി ആരംഭിച്ചു. സ്വർണക്കടത്തിന് വിമാനത്താവളത്തിലെ ചില ജീവനക്കാർക്കും രണ്ടു പ്രമുഖ വിമാനക്കമ്പനികളിലെ ചില ജീവനക്കാർക്കും പങ്കുണ്ടെന്ന് കസ്റ്റംസിനും എൻഐഎയ്ക്കും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എയർപോർട്ട് മാനേജരേയും ചോദ്യം ചെയ്യും.
സ്വർണം ദുബായിൽ നിന്ന് അയക്കുന്നതിന് ഫൈസൽ ഫരീദ് ഹാജരാക്കിയിരുന്ന അറ്റാഷേയുടെ പേരിലുള്ള കത്ത് വ്യാജമാണെന്നാണ് എൻഐഎയുടെ നിഗമനം. ഈ കത്തിൽ നയതന്ത്ര കാര്യാലയത്തിന്റെ സീലോ ഒപ്പോ ഇല്ലായിരുന്നു.
ഇത്തരത്തിലുള്ള കത്തിന്റെ അടിസ്ഥാനത്തിൽ ബാഗേജ് തലസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തിയതിന്റെ പിന്നിൽ വിമാനക്കമ്പനികളിലെ ജീവനക്കാർ സഹായം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
കടത്തിയ സ്വർണം സൂക്ഷിക്കുന്നതിനും കൈമാറുന്നതിനുമായി തലസ്ഥാനത്ത് വാടകയ്ക്ക് വീടെടുത്തിരുന്നതിന്റെയും വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഫ്ളാറ്റുകളും വീടുകളും ഉൾപ്പെടെ ഇത്തരത്തിൽ നാല് കേന്ദ്രങ്ങൾ സ്വർണക്കടത്തിന് ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ആറുമാസക്കാലയളവിലുള്ളിലാണ് കെട്ടിടങ്ങൾ വലിയ വാടകയ്ക്ക് എടുത്തിരുന്നത്.