തൊടുപുഴ: കടം വാങ്ങിയ പണം പലിശയടക്കം തിരിച്ചു നൽകിയിട്ടും വീണ്ടും വൻതുക ആവശ്യപ്പെട്ട് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു.
പലിശയും മുതലുമായി വലിയ തുക തിരികെ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് വീട്ടമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രോമിസറി നോട്ടുകളും ചെക്കുകളും ആധാരങ്ങളും ഉൾപ്പെടെ ഒട്ടേറെ രേഖകൾ ഇവിടെ നിന്നും പിടിച്ചെടുത്തു.
മുതലക്കോടം സ്വദേശിയായ വീട്ടമ്മയാണ് പോലീസിൽ പരാതി നൽകിയത്. ഇവർ ഒരാളിൽ നിന്നും 50000 രൂപയാണ് ആദ്യം കടം വാങ്ങിയത്. പത്തു ദിവസം കൂടുന്പോൾ 5000 രൂപ പലിശയിനത്തിൽ നൽകണമെന്ന വ്യവസ്ഥയിലാണ് പണം നൽകിയത്.
പലിശയിനത്തിൽ തന്നെ ലക്ഷങ്ങൾ നൽകി. പിന്നീട് പലിശ മുടങ്ങിയാർ അതും മുതലിനോട് ചേർത്ത് ഇതിനും ചേർത്ത് പലിശ ആവശ്യപ്പെട്ടു തുടങ്ങി. നാലു ലക്ഷം നൽകണമെന്ന ഭീഷണി തുടർന്നതോടെ ഇവർ വെങ്ങല്ലൂർ, ഒളമറ്റം, മണക്കാട്, കാരിക്കോട് സ്വദേശികൾക്കെതിരെ പരാതി നൽകി.
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് വീട്ടമ്മയും ഭർത്താവും ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.