തൃശൂർ: കോവിഡ് പടരുന്ന സാഹചര്യത്തിൽ അടിക്കടി കൗണ്‍സിൽ യോഗം വിളിക്കുന്നതിനെതിരെ പരാതി ഉയർന്നിട്ടും മാറ്റിവയ്ക്കാൻ തയ്യാറാകാതിരുന്ന ഭരണസമിതിക്ക് ഒടുവിൽ തിരിച്ചടി.
നാളെ നടത്താൻ തീരുമാനിച്ചിരുന്ന കൗണ്‍സിൽ യോഗമാണ് ഒടുവിൽ മാറ്റിവച്ചത്. കോവിഡു കാലത്ത് നിരന്തരം യോഗം വിളിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ കളക്ടർക്ക് പരാതി നൽകിയിരുന്നു.
യോഗം നടക്കുന്ന ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണ്‍ ആയതിനാലാണു മാറ്റിവച്ചതെന്നാണ് മേയറുടെ അറിയിപ്പ്. എന്നാൽ ഒന്‍പതു ദിവസത്തിനിടയിൽ മൂന്നു യോഗങ്ങളാണ് വിളിച്ചു ചേർത്തത്. കോവിഡ് ഇല്ലാത്ത കാലത്തു പോലും ഇത്തരത്തിൽ യോഗങ്ങൾ നടത്താറില്ല.
കോവിഡ് പടരുന്നതോടെ കോർപറേഷൻ ഭരണസമിതിക്കു യോഗം വിളിക്കാനും ആവേശം കൂടി വരികയായിരുന്നു. ഒരു അടിയന്തിര വിഷയങ്ങളും ഇല്ലാതെയാണു യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നത്.
നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചും അറ്റകുറ്റപ്പണികൾ നടത്താതെയും തെരുവു വിളക്കുകൾ കത്താതെയും ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടും ഈ വിഷയങ്ങളൊന്നും കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്യാൻ അനുമതി നൽകാറുമില്ല.
കഴിഞ്ഞ കൗണ്‍സിൽ യോഗങ്ങളിൽ നിന്ന് എൽഡിഎഫിന്റെ കൗണ്‍സിലർമാർ തന്നെ വിട്ടു നിന്നതും രാത്രി വീടുകളിൽ ചെന്ന് രജിസ്റ്ററിൽ ഒപ്പിട്ടു വാങ്ങിയതുമൊക്കെ വിവാദമായിരുന്നു.
അഴിമതിയുടെ അജൻഡകൾ പാസാക്കിയെടുക്കുന്നതിനാണു കൗണ്‍സിൽ യോഗങ്ങൾ അടിയന്തിരമായി വിളിച്ചു ചേർക്കുന്നതെന്ന് ആരോപിച്ചാണ് സിപിഎം കൗണ്‍സിലർമാരടക്കം വിട്ടു നിന്നത്.
രാത്രി വീടുകളിൽ എത്തി ഒപ്പു വാങ്ങിയ രജിസ്റ്ററാകട്ടെ സെക്രട്ടറി പൂഴ്ത്തുകയും ചെയ്തു. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിട്ടും നടപടിയെടുക്കാൻ ഭരണകക്ഷി തയ്യാറായില്ല.