സ്വന്തം ലേഖകൻ
തൃശൂർ: കണ്ണുനീരിൻ ഉപ്പുകലർന്ന ബലിച്ചോർ ഏറ്റുവാങ്ങാതെ കർക്കിടകവാവിന് നിളയൊഴുകി. നാടെങ്ങുമുള്ള സ്നാനഘട്ടങ്ങളിൽ ബലിക്കാക്കകൾ ആരൊക്കെയോ വരുമെന്നു പ്രതീക്ഷിച്ച് പുലർവേളയിൽ കാത്തിരുന്നു.
ഓർമകൾ ബലിച്ചോറായ് തൂവാറുള്ള തർപണ പടവുകൾ ശൂന്യമായിരുന്നു. മഹാമാരി പടരുന്ന കാലത്ത് പലതും ഉപേക്ഷിക്കേണ്ടി വന്നതിന്റെ കൂട്ടത്തിൽ നിളാതീരത്തും മറ്റു സ്നാനഘട്ടങ്ങളിലും ചെയ്തിരുന്ന കർക്കിടക വാവു ബലിയും വേണ്ടെന്ന് വെച്ചു.
വീടുകളിൽ തന്നെയായിരുന്നു ബലിതർപണചടങ്ങുകൾ. പതിവായി ബലിതർപണം നടത്തുന്ന ഇടങ്ങളെല്ലാം ശൂന്യമായിരുന്നു. തർപണ ചടങ്ങുകൾ വീഡിയോവിൽ വിശദമായി ഷൂട്ട് ചെയ്ത് വാട്സാപ്പിലും മററു സോഷ്യൽമീഡിയകളിലൂടെയും കർക്കിടകം ഒന്നുമുതൽ തന്നെ പ്രചരിപ്പിച്ചിരുന്നു.
വീട്ടിലിരുന്ന് തർപണം നടത്തുന്നവർക്ക് പരികർമിയുടെ സഹായം ഇത്തവണ സോഷ്യൽമീഡിയയിലെ ഈ വീഡിയോകളായിരുന്നു. പ്രധാന ബലിതർപണ കേന്ദ്രങ്ങളിലേക്ക് ആളുകൾ വന്നാൽ നിയന്ത്രിക്കാൻ പോലീസും ഉണ്ടായിരുന്നു.
ആൾക്കൂട്ടം പാടില്ലെന്ന കർശന നിർദ്ദേശം ദിവസങ്ങൾക്കു മുൻപേ തന്നെ പോലീസ് നൽകിയിരുന്നു. കുളിച്ചീറനായി പവിത്രമോതിരമണിഞ്ഞ് എള്ളും നീരും പൂവും നൽകി ബലിതർപണത്തിന് നിരവധി പേരെത്തുന്ന പതിവു കാഴ്ച ഇക്കുറിയുണ്ടായില്ല.
പിൻമുറക്കാരുടെ ബലിതർപണാദികൾ ഏറ്റുവാങ്ങാൻ പിതൃക്കൾ എവിടെയും എത്തുമെന്ന വിശ്വാസത്തിലൂന്നി വീടുകളിൽ പുലർച്ചെ തർപണ ചടങ്ങുകൾ നടന്നു.
ബലിച്ചോറുരുട്ടി കൈകൊട്ടി ആത്മാക്കളുടെ പ്രതീകങ്ങളായ ബലിക്കാക്കകളെ കൈകൊട്ടി വിളിച്ച് പിൻമുറക്കാർ ബലിതർപണം നടത്തി; സ്നാനഘട്ടങ്ങളിൽ വന്നു ബലിതർപണം ചെയ്യാൻ കഴിഞ്ഞില്ലെന്ന ക്ഷമാപണത്തോടെ… വേണ്ട വരണ്ട..
മഹാമാരി ഭ്രാന്തെടുത്തു പാഞ്ഞു നടക്കുന്പോൾ ആരും എങ്ങോട്ടും വരണ്ട.. മറന്നുപോകാതെ, എവിടെയിരുന്നായാലും ബലിച്ചോർ തൂവിയാലും ഞങ്ങളതേറ്റു വാങ്ങും. സന്തോഷത്തോടെ…..
നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് നമുക്കു മുന്നേ കടന്നുപോയവരുടെ ആത്മാക്കൾ പറയുന്നുണ്ടാകും….