എസ്.ആർ.സുധീർകുമാർ
കൊല്ലം: ജില്ലയിൽ സമ്പർക്കം മൂലം കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വീണ്ടും ഗണ്യമായ വർധന. ഇന്നലെ രോഗം സ്ഥിരീകരിച്ച 79 പേരിൽ 71 പേർക്കും സമ്പർക്കം മൂലമാണ് കോവിഡ് പകർന്നത്. തിങ്കളാഴ്ച സമ്പർക്ക രോഗബാധിതരുടെ എണ്ണം 61 ആയിരുന്നു.
രോഗബാധ വർധിക്കുന്നത് അതിരൂക്ഷമായ സാഹചര്യമാണ് സംജാതമാക്കിയിട്ടുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്. ഇവർ കുന്നത്തൂർ, കാവനാട് സ്വദേശിനികളാണ്. രണ്ടു പേരുെട ഉറവിടം വ്യക്തമല്ല.
തമിഴ്നാട്ടിൽ നിന്ന് എത്തിയ ഒരു ബിഎസ്എഫ് ജവാനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരിൽ അഞ്ചു പേർ പ്രവാസികളാണ്. മൂന്നു പേർ യുഎഇയിൽ നിന്നും രണ്ടു പേർ ഖത്തറിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ ഇന്നലെ 12 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
രോഗം ബാധിച്ച് ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 467 പേരാണ്. 860 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇപ്പോൾ 8181 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 7749 പേർ കരുതൽ നിരീക്ഷണത്തിലുമുണ്ട്.
ഇന്നലെ പുതുതായി 600 പേരെ വീടുകളിലും 90 പേരെ ആശുപത്രി നിരീക്ഷണത്തിലും പ്രവേശിപ്പിച്ചു. കരവാളൂർ, പനയം, ചടയമംഗലം, ചിറക്കര, പൂയപ്പള്ളി, തൃക്കരുവ ഗ്രാമ പഞ്ചായത്തുകളിലെയും കൊട്ടാരക്കര നഗരസഭയിലെയും എല്ലാ വാർഡുകളും പുതിയ ഹോട്ട് സ്പോട്ടുകളാണ്.
ഇതോടെ കൊല്ലത്തെ 39 ഗ്രാമ പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും കണ്ടെയിൻമെന്റ് സോൺ നിയന്ത്രണത്തിലായി. ഇതുകൂടാതെ കൊല്ലം കോർപ്പറേഷനിലെ ആറ് ഡിവിഷനുകളും പരവൂർ നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടയിൻമെന്റ് സോണിലാണ്.
ഏഴ് പഞ്ചായത്തുകൾ റെഡ് കളർ കോഡഡ് സോൺ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ തീരമേഖലയിൽ അധികൃതർ അതീവ ജാഗ്രത പുലർത്തുകയാണ്.
തമിഴ്നാട്ടിലെ കുളച്ചലിൽ നിന്ന് നിരവധി തൊഴിലാളികൾ കൊല്ലത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ 14 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്ക വ്യാപനം ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുസജ്ജമായ പ്രതിരോധ സംവിധാനങ്ങളാണ് കൊല്ലം സിറ്റിയിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 92 കേസുകൾ രജിസ്റ്റർ ചെയ്തു.
മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 334 പേർക്കെതിരെ നടപടി സ്വീകരിച്ചു. നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും, സാമൂഹിക അകലം പാലിക്കാത്തതിനുമായി 182 പേരിൽനിന്നും പിഴ ഈടാക്കി. 16 കടയുടമകൾക്കെതിരേയും നടപടി സ്വീകരിച്ചു.
കൊട്ടാരക്കര: നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. 15 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 107 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു.