തലശേരി: പാലത്തായി പീഡനക്കേസിൽ പ്രതി കടവത്തൂർ കുറുങ്ങോട്ട് പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി നൽകും.
ഇതു സംബന്ധിച്ച് സർക്കാർ നിർദ്ദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തലശേരി പോക്സോ കോടതിയിലെ സ്പെഷൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത് കൊച്ചിയിൽ ഡിജിപിയെ കണ്ടു ചർച്ച നടത്തി. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിന് പ്രോസിക്യൂഷൻ നിർദ്ദേശം നൽകി.
ഇതിനിടയിൽ പെൺകുട്ടിയുടെ മൊഴി പല തവണ പോലീസ് രേഖപ്പെടുത്തിയതിൽ ദുരൂഹത ഉളവാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ പെൺകുട്ടിയുടെ മൊഴി എഫ്ഐആർ പ്രകാരം രേഖപ്പെടുത്തിയ ശേഷം 164 പ്രകാരം മജിസ്ട്രേറ്റും രേഖപ്പെടുത്താറാണ് പതിവ്.
എന്നാൽ ഈ കേസിൽ ലോക്കൽ പോലീസ് എഫ് ഐആർ, 164 എന്നിവയ്ക്ക് പുറമേ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്തതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടിലും ഇതു വ്യക്തമാണ്.
ആദ്യഘട്ടത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയ ഈ നീക്കങ്ങൾ അന്ന ു തന്നെ ഏറെ വിവാദമുയർത്തിയിരുന്നു. പ്രതിയെ പിടിക്കാൻ പോലീസ് നടത്തിയ കാലതാമസവും പ്രതിയെ പിടികൂടാൻ ഡിവൈഎസ്പി നേരിട്ടെത്തിയപ്പോൾ പ്രതിയുടെ ഒളിയിടത്തിൽ ആദ്യം കയറിയ സി ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പ്രതി അവിടെ ഇല്ലെന്ന് പറയുകയും തുടർന്ന് ഡിവൈഎസ്പി നേരിട്ട് കയറി പ്രതിയെ പിടിക്കുകയുമായിരുന്നു.
ഈ സംഭവങ്ങെളെല്ലാം വിരൽ ചൂണ്ടുന്നത് ആദ്യ ഘട്ടത്തിൽ തന്നെ പ്രതിയെ രക്ഷിക്കാൻ ആസൂത്രിത നീക്കമാണ് നടന്നതെന്ന് നിയമ രംഗത്തുളളവർ ചൂണ്ടിക്കാട്ടുന്നു.
പീഡനം നടന്നുവെന്ന് പെൺകുട്ടി പറയുന്ന ജനുവരി 26ന് പ്രതിയുടെ സാന്നിധ്യം സ്കൂളിലില്ലെന്നും പീഡിപ്പിച്ചുവെന്നത് പെൺകുട്ടിയുടെ ഭാവന മാത്രമാണെന്നും പെൺകുട്ടി പറയുന്ന ഇരട്ടക്കുട്ടികളുടെ സാന്നിധ്യം സ്കൂളിൽ ഇല്ലെന്നും സംഭവം ഒത്തുതീർപ്പാക്കി കൂടേയെന്ന് ഒരു അധ്യാപിക ചോദിച്ചുവെന്നതും അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പാലത്തായി പീഡനവുമായി ബന്ധപ്പെട്ട ഐജി ശ്രീജിത്തിന്റേതെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിനെതിരേ പെൺകുട്ടിയുടെ അമ്മ ഇന്ന് പരാതി നല്കും.