തലശേരി: സ്വർണക്കടത്ത് കേസിലെ ദുബായിയിലെ മുഖ്യസൂത്രധാരനായ തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് സിനിമയിൽ പണം മുടക്കിയതു ഒരു യുവ നടിയുടെയും സിനിമയുമായി ബന്ധമുള്ള ഭർത്താവിന്റെയും നിർദേശപ്രകാരം.
അങ്ങനെ നാലു സിനിമകളിൽ ഇയാൾ പണം മുടക്കിയെന്നാണ് സൂചന. ഫൈസൽ ഫരീദിനു ദുബായിയിൽ ഓയിൽ കളളക്കടത്തുമായി സജീവമായ ബന്ധമുണ്ടെന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
മൂന്നു യുവ നടിമാരോട് അടുത്ത ബന്ധമുണ്ടെങ്കിലും ഏറെ അടുപ്പം മുന്പും വിവാദനായികയായു ള്ള ഒരു നടിയോടാണ്. ദുബായിൽ സിനിമാ താരങ്ങൾക്കു ബിസിനസ് രംഗത്തു വഴിയൊരുക്കുന്നതിനു പിന്നിലും ഫൈസൽ ഫരീദിന്റെ സഹായമുണ്ട്.
ഉദ്യോഗസ്ഥ- രാഷ്ട്രീയ- സിനിമ രംഗങ്ങളിലെ ഉന്നത തലങ്ങളിലുള്ളവർക്കു ദുബായിയിൽ വിവിധ ബിസിനസ് സ്ഥാപനങ്ങളിൽ നിലവിൽ പങ്കാളിത്തമുണ്ട്.
നാട്ടിൽ സ്വകാര്യമായി എഗ്രിമെന്റ് തയാറാക്കിയ ശേഷമാണ് ഇത്തരക്കാർ ദുബായിയിൽ പണം നിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഫൈസൽ ഫരീദും ദുബായിയിലെ സാമ്പത്തിക സുരക്ഷാ സ്ഥാപനത്തിലെ ഉന്നതനായ മാഹി സ്വദേശിയും ഇട നിലക്കാരായി പ്രവർത്തിച്ചിട്ടുണ്ടെന്നു ദുബായിയിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
ഇത്തരം ഇടപാടുകളിലൂടെ തുടങ്ങുന്ന സ്ഥാപനങ്ങളുടെ സാമ്പത്തിക സുരക്ഷ തന്റെ സ്ഥാപനത്തെ ഏൽപ്പിക്കണമെന്നതാണ് മാഹിയിലെ സമ്പന്നന്റെ വാക്കാലുള്ള നിർദ്ദശം.
കാസർഗോഡ് സ്വദേശിയായ കളളക്കടത്തു സംഘവുമായി ബന്ധപ്പെട്ടാണ് ഫൈസൽ ഫരീദ് ദുബായിയിൽ ഓയിൽ കള്ളക്കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം. സിനിമയിൽ പണം മുടക്കിയതുമായി ബന്ധപ്പെട്ടും മറ്റു ഇടപാടുകൾ സംബന്ധിച്ചും സിനിമാരംഗത്തുള്ള ചിലരോട് അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്.
ഫൈസലിനെ കസ്റ്റഡിയിൽ ലഭിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അന്വേഷണം സിനിമാരംഗത്തേക്കും നീളും. ഇതോടെ ഫൈസലുമായി ബന്ധംപുലർത്തിയിരുന്ന പലരും ഇപ്പോൾ ആശങ്കയുടെ വൈറസ് ബാധിച്ചിരിക്കുകയാണ്.