ആലപ്പുഴ: വഴിച്ചേരി മാർക്കറ്റിൽ തിരക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ സ്ത്രീകൾ വാഹനങ്ങൾ തടഞ്ഞു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികളടക്കം എത്തുകയും കണ്ടെയ്ന്മെന്റ് സോണില്‍ നിന്നടക്കമുള്ളവര്‍ സാധനങ്ങള്‍ വാങ്ങാനായി എത്തുകയും ചെയ്യുമ്പോള്‍ തിരക്കേറുന്നുവെന്നും അതിനാല്‍ തിരക്ക് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇന്നു രാവിലെ മാര്‍ക്കറ്റില്‍ പ്രദേശവാസികളായ ഒരു സംഘം സ്ത്രീകള്‍ ചേർന്ന് വാഹനങ്ങള്‍ തടഞ്ഞത്.
കസേരകളിട്ട് അവര്‍ കോവിഡ് മാനദണ്ഡപ്രകാരമുള്ള നിശ്ചിത അകലത്തില്‍ റോഡില്‍ ഇരിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം സമരം തുടർന്നു. 9.45 ഓടെ പോലീസെത്തി സമരക്കാരെ നീക്കി വാഹനഗതാഗതം പുന:സ്ഥാപിച്ചു.
ആലപ്പുഴ നഗരത്തിലെ പ്രധാന മാർക്കറ്റാണ് വഴിച്ചേരി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ഇവിടെ വന്നു പോകുന്നത്.
തൊട്ടടുത്ത വാർഡുകളായ സക്കറിയ ബസാർ, ലജ്നത്ത് എന്നിവ കോവിഡ് സമ്പർക്കത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
നഗരത്തിലാകെ രോഗവ്യാപനത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.