തൊടുപുഴ: ഭർത്താവിന് വിദേശത്തു പോകാൻ അരലക്ഷം രൂപ കടം വാങ്ങിയ വീട്ടമ്മയെ ബ്ലേഡ് മാഫിയ കുടുക്കിയത് അരക്കോടിയോളം രൂപയുടെ കടക്കെണിയിൽ.
മുതലും പലിശയും കൂട്ടുപലിശയും ഉൾപ്പെടെ ലക്ഷങ്ങൾ നൽകിയെങ്കിലും ബ്ലേഡിന്റെ കുരുക്കു മുറുക്കിയ മാഫിയ ഭീഷണി മുഴക്കുകയും ചെയ്തതോടെ ജീവനൊടുക്കാൻ തീരുമാനിച്ച വീട്ടമ്മയും ഭർത്താവും രക്ഷപെട്ടത് തലനാരിഴയ്ക്ക്.
ഒടുവിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി ശക്തിയായതോടെ തൊടുപുഴ മുതലക്കോടം പെട്ടേനാട് സ്വദേശിയായ വീട്ടമ്മ തൊടുപുഴ ഡിവൈഎസ്പിയ്ക്ക് പരാതി നൽകി.
സ്ത്രീകൾ ഉൾപ്പെടെ ആറു പേരുടെ പേരിൽ കേസെടുത്ത പോലീസ് ബ്ലേഡുകാരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ വീട്ടമ്മയിൽ നിന്നും വാങ്ങിയ ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ഉൾപ്പെടെ ഒട്ടേറെ രേഖകൾ കണ്ടെടുത്തു.
മുതലക്കോടം കുഴിപ്പള്ളിൽ മേരി, ഒളമറ്റം കക്കോലിൽ രാധാകൃഷ്ണൻ, വെങ്ങല്ലൂർ ഉപ്പിടുപാറയിൽ തനൂജ ജബ്ബാർ, പെരുന്പിള്ളിച്ചിറ ചൂരവേലിൽ സുനി കാസിം, അരിക്കുഴ സ്വദേശിനി ഷീബ ഷാജി, മുതലക്കോടം സ്വദേശിനി ഷാജിത എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വീട്ടമ്മയെ കുരുക്കിയത് ഇങ്ങനെ
ഭർത്താവിന് വിദേശത്ത് ജോലിയ്ക്കു പോകുന്നതിനായാണ് തയ്യൽ ജോലി ചെയ്യുന്ന വീട്ടമ്മ മുതലക്കോടത്തുള്ള കുഴിപ്പള്ളിൽ മേരിയുടെ കൈയിൽ നിന്ന് 2014-ൽ ആദ്യം 50,000 രൂപ കടം വാങ്ങിയത്. പത്തു ദിവസം കൂടുന്പോൾ 5,000 രൂപ പലിശ നൽകണം. ഈടായി ചെക്കും പ്രോമിസറി നോട്ടും വാങ്ങിയിരുന്നു. കുറെ മാസങ്ങൾ പലിശ നൽകിയെങ്കിലും പിന്നീട് മുടങ്ങി.
പിന്നീട് മേരി തന്നെ 50,000 രൂപ കടമായി നൽകി. പണം കൈയിൽ കൊടുക്കാതെ അതു പലിശയിനത്തിൽ വരവു വച്ചു. മുതൽ ഒരു ലക്ഷമായി ഉയർന്നതോടെ ഇതിന്റെ പലിശ ഈടാക്കി. നാലു ലക്ഷത്തോളം രൂപ വീട്ടമ്മ നൽകിയിട്ടും കടം തീർന്നില്ല. വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ടു.
തുടർന്ന് ഇവരുടെ കടം തീർക്കാനാണ് രാധാകൃഷ്ണനിൽ നിന്നും പണം വാങ്ങിയത്. ഒരു ലക്ഷം രൂപ വാങ്ങിയപ്പോൾ തിരികെ നൽകിയത് 10,62,000 രൂപയാണ്.
പലിശ ഉൾപ്പെടെ വീണ്ടും വലിയ തുക ആവശ്യപ്പെട്ടു. പിന്നീട് ഇയാൾ തന്നെ പലിശയ്ക്കു പണം നൽകുന്ന ഷീബ ഷാജിയെ പരിചയപ്പെടുത്തി കൊടുത്തു. ഇവരിൽ നിന്നും 10,30,000 രൂപ വാങ്ങി രാധാകൃഷ്ണന് നൽകി. ഷീബയ്ക്ക് തിരികെ 14,29,030 രൂപ നൽകിയെങ്കിലും കടം പിന്നെയും ബാക്കി.
തനൂജ ജബ്ബാറിന്റെ പക്കൽ നിന്നും കഴിഞ്ഞ മാർച്ചിൽ ഒരു ലക്ഷം വാങ്ങി. തിരികെ നൽകിയത് 3, 49,000 രൂപ. സുനി കാസിമിൽ നിന്നും കഴിഞ്ഞ ഏപ്രിലിൽ 7,66,000 രൂപ കടമായി വാങ്ങി. രണ്ടു മാസം കൊണ്ട് തിരികെ നൽകിയത് 12,74,000 രൂപ. ഇതിനിടെ ഷാജിതയുടെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങി. പലിശയിനത്തിൽ 18,000 രൂപയും നൽകി.
വലമുറുക്കി മാഫിയ
വാങ്ങിയ പണത്തിന്റെ പലിശ ഉൾപ്പടെ വലിയ തുക തിരികെ നൽകിയിട്ടും വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ടതോടെയാണ് വീട്ടമ്മ മാനസികമായി തകർന്നത്. ഒരാളുടെ പണം തിരികെ നൽകാനാണ് അടുത്തയാളെ ആശ്രയിക്കേണ്ടി വന്നത്.
ബ്ലേഡുകാർ തന്നെയാണ് തന്റെ പണം ഈടാക്കാനായി അടുത്തയാളെ പരിചയപ്പെടുത്തി നൽകിയിരുന്നത്. ബ്ലാങ്ക്ചെക്കുകളും പ്രോമിസറി നോട്ടുകളും വാങ്ങി പണം നൽകും. ഭർത്താവ് വിദേശത്തു പോയി സന്പാദിച്ചതും ആകെയുള്ള 12 സെന്റ് സ്ഥലം ഈടു വച്ച് കടമെടുത്തും ബ്ലേഡുകാർക്ക് പണം നൽകി.
ആത്മഹത്യയുടെ വക്കിൽ
ബ്ലേഡ് മാഫിയയുടെ ഭീഷണി കൂടിയതോടെയാണ് ദന്പതികൾ ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തിയത്. പിന്നീട് ആശുപത്രിയിൽ വച്ച് ഇവരെ കാണാനെത്തിയ തൊടുപുഴയിലെ അഭിഭാഷകനായ സെബാസ്റ്റ്യൻ കെ. ജോസ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് ബ്ലേഡ് സംഘങ്ങളുടെ ക്രൂരത വെളിച്ചത്തു വരുന്നത്.
ഇതോടെ പോലീസിൽ പരാതി നൽകാൻ അദ്ദേഹം നിർദേശം നൽകി. തുടർന്നാണ് തൊടുപുഴ ഡിവൈഎസ്പിയ്ക്ക് വീട്ടമ്മ പരാതി നൽകിയത്.
ഒരേസമയം റെയ്ഡ്
ഡിവൈഎസ്പി കെ.കെ.സജീവിന്റെ നിർദേശ പ്രകാരം ഒരേ സമയം നാലിടങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. മേരി, രാധാകൃഷ്ണൻ, തനൂജ ജബ്ബാർ, സുനി കാസിം എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
ഒട്ടേറെ ചെക്കുകളും ഒപ്പിട്ട മുദ്രപ്പത്രങ്ങളും പോലീസ് പിടിച്ചെടുത്തു. എസ്ഐമാരായ ബൈജു പി.ബാബു, സി.കെ.രാജു, ബിജി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന പണമിടപാട് സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ മുട്ടം സ്വദേശിനിയായ വീട്ടമ്മ പീഡന പരാതി നൽകിയത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.
പണം കടം കൊടുക്ക് ചെക്ക് ഒപ്പിട്ടു വാങ്ങിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പോലീസ് അറസ്റ്റു ചെയ്ത പ്രതിയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു.
രാഷ്ട്രീയ ഒത്താശയോടെയാണ് ഇത്തരത്തിലുള്ള ബ്ലേഡ് സംഘങ്ങളുടെ പ്രവർത്തനം. കൂടാതെ ബ്ലേഡുകാർ തമ്മിൽ പരിസ്പരം ബന്ധമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം പരാതി നൽകിയ വീട്ടമ്മയുടെ അനുഭവത്തിൽ നിന്നും വ്യക്തമാകുന്നത്.