സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂർ നഗരത്തിൽ പോലീസിന്റെ മൈക്ക് അനൗണ്സ്മെന്റ്.
അനാവശ്യമായി നഗരത്തിലും പരിസരത്തും ചുറ്റിക്കറങ്ങരുതെന്നും കോവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിച്ചുകൂട്ടുന്നതാണ് സുരക്ഷിതമെന്നും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും മൈക്ക് അനൗണ്സ്മെന്റിലൂടെ നിർദ്ദേശിക്കുന്നുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളിൽ വെറുതെ ചുറ്റിക്കറങ്ങുന്ന വാഹനയാത്രക്കാരടക്കമുള്ളവരെ പട്രോളിംഗ് നടത്തുന്ന പോലീസുകാർ തടഞ്ഞ് ഫൈൻ ഈടാക്കുന്നുണ്ട്.
തൃശൂർ കോർപറേഷനിലെ പുതിയ കണ്ടെയ്ൻമെന്റ് സോണായ തേക്കിൻകാട് ഡിവിഷനിലെ ഇടറോഡുകൾ പോലീസ് ബാരിക്കേഡുകളും വടങ്ങളും ഉപയോഗിച്ച് അടച്ചിരിക്കുകയാണ്.
ഈ ഡിവിഷനിൽ കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന ചില കടകളും ബാങ്കുകളും രാവിലെ തുറന്നിട്ടുണ്ടെങ്കിലും കർശന നിയന്ത്രണങ്ങളോടെയാണ് ഇവിടങ്ങളിലേക്ക് ആളുകളെ കടത്തിയത്.