ചങ്ങനാശേരി: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഏറെ ജാഗ്രതയും അതിലേറെ കരുതലുമായി ചങ്ങനാശേരി സജ്ജമാകുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മാർക്കറ്റ് കേന്ദ്രീകരിച്ചു 535 പേർക്ക് നടത്തിയ ആന്റിജൻ, ആർടിപിസിആർ പരിശോധനയിൽ 45പേർക്ക് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യവകുപ്പും ജനറൽ ആശുപത്രി അധികൃതരും പോലീസും റവന്യു വകുപ്പും ചേർന്ന് ജാഗ്രത ശക്തമാക്കിയിരിക്കുന്നത്.
ചങ്ങനാശേരിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ചങ്ങനാശേരി കൂടാതെ വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിൽപ്പെട്ടവരുമുണ്ട്. കോവിഡ് രോഗികളുമായി പ്രൈമറി സന്പർക്ക പട്ടികയിലുള്ളവരുടെ ആന്റിജൻ, ആർടിപിസിആർ പരിശോധന ഇന്നു രാവിലെ ബോട്ടുജെട്ടിക്കടുത്ത് ചന്തക്കടവ് കേന്ദ്രീകരിച്ച് തുടരുന്നുണ്ട്.
പനിയോ ജനദോഷമോ ഉള്ളവർ ഇവിടെ എത്തി പിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. സന്പർക്കപ്പട്ടികയിലുള്ളവരുടെ വീടുകളിലെത്തി നാളെ മുതൽ പരിശോധന ശക്തമാക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.
കോവിഡ് വ്യാപനം ശക്തമായതോടെ ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷന്റെ ആഹ്വാന പ്രകാരം മാർക്കറ്റിലേയും നഗരത്തിലെയും ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും അടച്ചു കഴിഞ്ഞു. കുരിശുംമൂട്ടിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും. നഗരത്തിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ ഏഴുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയേ തുറക്കാവൂവെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. നഗരസഭാ പരിധിയിലെ 23, 24, 31,33 വാർഡുകൾ കണ്ടെയ്ൻമെന്റു സോണുകളായി പ്രഖ്യാപിച്ചതിനെ തുടർന്ന് വേലി കെട്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളുമായി പോലീസും രംഗത്തുണ്ട്. പായിപ്പാട് കവലയിലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ യുള്ളവ പൂർണമായും അടച്ചിട്ടുണ്ട്.