ക്ലെയർ വിൽസണ്‍, 46 വയസ്. ബ്രിട്ടനിലെ തുറമുഖ നഗരമായ ഗ്രിംസ്ബി സ്വദേശിനി. 337 കുറ്റകൃത്യങ്ങളിലെ പ്രതി. ശരാശരിക്കണക്കു നോക്കിയാൽ ഇതുവരെ ജീവിച്ചതിൽ ഓരോ 49 ദിവസം കൂടുന്പോഴും ഒരു കുറ്റകൃത്യം!
പക്ഷേ ഈ ഉഡായിപ്പു തുടങ്ങിയത് രണ്ടുമൂന്നുകൊല്ലം മുന്‍പു മാത്രമാണ്. അങ്ങനെയെങ്കിൽ ആഴ്ചയിൽ രണ്ടുവീതം മോഷണം!! കക്ഷി ഇപ്പോൾ സസുഖം ജയിലിൽ.
കാര്യം ഇത്രവലിയ പ്രവൃത്തിപരിചയമുണ്ടെങ്കിലും അവസാനംചെയ്ത മോഷണങ്ങൾ കേട്ടാൽ ആത്മാഭിമാനമുള്ള മോഷ്ടാക്കൾ ക്ലെയറിനെ ഓടിച്ചിട്ടു തല്ലും.
ഒരു വീട്ടിൽനിന്ന് പേഴ്സ് അടിച്ചുമാറ്റിയതിനും, ബേക്കറിയിൽനിന്ന് സാൻഡ് വിച്ച് മോഷ്ടിച്ചതിനുമാണ് ക്ലെയർ ഇപ്പോൾ ആയിരം ദിവസത്തേക്കു ശിക്ഷകിട്ടി ജയിലിൽ വിശ്രമിക്കുന്നത്!
ലോക്ക്ഡൗണ്‍ നിബന്ധനകളിൽ ഇളവു വന്നശേഷം ഗ്രിംസ്ബി ക്രൗണ്‍ കോടതിയിൽനടന്ന ആദ്യ വിചാരണകളിൽ ഒന്നായിരുന്നു ക്ലെയറിന്റേത്. സാക്ഷികളും അഭിഭാഷകരുമെല്ലാം സാമൂഹിക അകലംപാലിച്ച് ക്ലെയറിന് അടുത്തിരുന്ന് അഴിയെണ്ണാനുള്ള വഴിയൊരുക്കി.
എന്തൊരു ശോകമാണ് മോഷണം
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരുദിവസം പുലർച്ചെ അഞ്ചരയോടെയാണ് ക്ലെയേഴ്സ് ഒരു വീട്ടിൽ കയറിച്ചെന്നത്. ഒന്നുകിൽ മദ്യം, അല്ലെങ്കിൽ മയക്കുമരുന്ന്- എന്തായാലും ആടിയാടിയായിരുന്നു നടപ്പ്.
ആ വീട്ടിൽ താമസിക്കുന്ന ഒരാളെ പരിചയമുണ്ട് എന്നായിരുന്നു അവകാശവാദം. ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ അവിടെ മൊത്തം അലന്പാക്കി. പോകുന്നപോക്കിൽ മൂന്ന് എടിഎം കാർഡുകൾ അടക്കം ഒരു പേഴ്സ് അടിച്ചെടുക്കുകയും ചെയ്തു.
രാവിലെ ഏഴരയോടെ ഈ കാർഡുകളുംകൊണ്ട് സമീപത്തെ ബേക്കറി സ്റ്റോറിലേക്കു ചെന്നു. ഇത്രയും കാർഡുകൾ കണ്ടപ്പോഴേ കടയിലെ ആൾക്കു തോന്നി ഇതൊന്നും ഈ ടീമിന്റെയല്ലല്ലോ എന്ന്. കാർഡ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് അയാൾ പറഞ്ഞു. വൈകാതെ സാൻഡ് വിച്ച് എടുത്ത് ക്ലെയർ സ്ഥലംവിട്ടു.
വില്ലൻ ലഹരിതന്നെ
മയക്കുമരുന്ന് ക്ലെയറിന്റെ ജീവിതം മുക്കിക്കളഞ്ഞു എന്ന് രേഖകൾ പരിശോധിച്ച് കോടതി നിരീക്ഷിച്ചു. അതു സത്യമായിരുന്നു. മൂന്നു വർഷം മുന്‍പ് അമ്മയുടെ മരണത്തോടെ ക്ലെയർ മെത്തഡോണ്‍ എന്ന മയക്കുമരുന്നിലേക്കു തിരിയുകയായിരുന്നു. അവരുടെ മാനസികനിലതന്നെ തകരാറിലായി.
അടിക്കടി കുറ്റം ചെയ്യുന്ന നിങ്ങൾ സ്ഥിരമായി ഇവിടെ വിചാരണയ്ക്കു ഹാജരാകുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നുണ്ട്. ഇങ്ങനെപോയാൽ ജീവിതത്തിന്റെ നല്ലകാലമത്രയും നിങ്ങൾ അഴിയെണ്ണി കഴിയേണ്ടിവരും- ഇത്രയും ഓർമിപ്പിച്ച് ജഡ്ജി ക്ലെയറിന് ആയിരം ദിവസത്തെ ശിക്ഷ വിധിച്ചു.
മുന്‍പു ചെയ്ത ഒരു മോഷണത്തിന്റെ കഥകൂടി കേൾക്കാം. 2018ലാണ്. ക്ലെയർ ദിവസേന ഒരു വീടിന്റെ കതകിൽ മുട്ടുന്നു. അവിടെ താമസിക്കുന്നത് ഒരു പ്രായമായ സാധു മനുഷ്യനാണ്.
നിസാരകാര്യത്തിനൊന്നുമല്ല മുട്ടിവിളിക്കൽ- ആ വയോധികന് ശാരീരികബന്ധം ഓഫർ ചെയ്യാനായിരുന്നു!. അദ്ദേഹമത് വിനയപൂർവം നിരസിച്ചു.
എന്നാൽ തനിക്കൊന്നു ടോയ്ലറ്റിൽ പോകണമെന്നു തന്ത്രം പ്രയോഗിച്ച് വീട്ടിൽ കയറിപ്പറ്റി ക്ലെയർ ആ പാവത്തിന്റെ പേഴ്സ് അടിച്ചുമാറ്റി മുങ്ങി. അതിനുള്ള ശിക്ഷ നേരത്തേ ക്ലെയർ ഏറ്റുവാങ്ങിയിരുന്നു!