കണ്ണൂര്‍: ഏച്ചൂരില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂലിത്തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ.ഫിനോജ് (43)കൊല്ലപ്പെട്ട കേസിൽ മാവിലച്ചാൽ സ്വദേശി സന്തോഷ് ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. കൊല്ലപ്പെട്ട ഫിനോജിന്റെ കൈയിൽ നിന്ന് ലഭിച്ച മുടി രോമമാണ് അന്വേഷണത്തിൽ പ്രധാന വഴിത്തിരിവായത്.
കൃഷിയും ചിട്ടിയും നടത്തുന്ന ഇരുപതംഗ ഏച്ചൂര്‍ എസ്പി ടീമിലെ ഒരംഗമാണ് ഫിനോജ് എന്നു പറയുന്നു. കൃഷി പ്രവൃത്തി കഴിഞ്ഞു മറ്റും വിശ്രമിക്കാനായി ഈ ഇരുപതംഗ സംഘം ലോക്ഡൗണ്‍ കാലത്ത് വയലില്‍ ഒരു ഷെഡും നിര്‍മിച്ചിരുന്നു. ഷെഡ് കേന്ദ്രീകരിച്ചുള്ള മദ്യപാനവും ബഹളവും സമീപവാസികൾക്ക് പ്രശ്നം സൃഷ്ടിച്ചതായി പറയുന്നു.
ഇത് പൊളിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 21 ന് പകൽ ഫിനോജിന്റെ നേതൃത്വത്തിലാണ് ഷെഡ് പുനർനിർമിച്ചത്.
കുഴഞ്ഞു വീണതായിരിക്കാം എന്നാണ് ആദ്യം പലരും കരുതിയത്. മുറിവോ, മർദനമേറ്റ ലക്ഷണങ്ങളോ ഇല്ലായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് സ്വാഭാവിക മരണമല്ലെന്ന് വ്യക്തമായത്.
പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. എസ് ഗോപാലകൃഷ്ണപിള്ള ശരീരത്തില്‍ കഴുത്തു ഞെരിച്ചതിന്റെ ലക്ഷണമുള്ളതായി വ്യക്തമാക്കുകയും ചെയ്തു.
കഴുത്തിനകത്ത് ഉണ്ടായ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് ആർഡിഒ കോടതിയിൽ നിന്നും കേസ് മാറ്റി 302 വകുപ്പ് ചേർത്ത് തലശേരി ജെസി എം കോടതിയിലേക്ക് കഴിഞ്ഞ ദിവസം കേസ് മാറ്റിയിരുന്നു.