കൊണ്ടോട്ടി: സ്വർണക്കടത്ത് വർധിച്ചതും യാത്രക്കാർക്ക് പരിശോധനകൾക്ക് ഏറെ കാലതാമസമെടുക്കുന്നതും മൂലം കരിപ്പൂർ വിമാനത്താവളത്തിൽ പുതിയ മൂന്ന് ഫുൾ ബോഡി സ്കാനറും എക്സ്റേ ഉപകരണങ്ങളും സ്ഥാപിക്കുന്നു. കേന്ദ്ര ഇൻഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് ബോർഡാണ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്.
കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറൻസിനു കാലതാമസം നേരിടുന്നതും പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളില്ലാത്തതും ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പ്രവർത്തന ക്ഷമമല്ലാത്ത മെഷീനുകൾ മാറ്റി സ്ഥാപിക്കുന്നതിനും കൂടുതൽ മെഷീനുകൾ സ്ഥാപിക്കുന്നതിനുമാണ് നടപടി എടുക്കുന്നത്. ഉപകരണങ്ങളും ആവശ്യമായ ജീവനക്കാരെയും ലഭ്യമാക്കും. വകുപ്പ് സ്വന്തം നിലയിൽ ഫുൾ ബോഡി സ്കാനർ ഇന്ത്യയിലെ ഒരു വിമാനത്താവളത്തിന് ആദ്യമായാണ് അനുവദിക്കുന്നത്.
കാലങ്ങളായി കരിപ്പൂരിൽ യാത്രക്കാർ നേരിടുന്ന പ്രശ്നമായിരുന്നു കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം. ജീവനക്കാരുടെയും സാങ്കേതിക ഉപകരണങ്ങളുടെയും അഭാവമാണ് ഇതിന് കാരണമായിരുന്നത്.
മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രക്കാരെ ഏറെനേരം വിമാനത്താവളത്തിൽ നിൽക്കാൻ നിർബന്ധിതരാക്കുകയായിരുന്നു. കേരളത്തിലെത്തുന്ന വിദേശികളെയും കസ്റ്റംസ് ക്ലിയറൻസിലെ താമസം വളരെയേറെ ബാധിച്ചിട്ടുണ്ട്.
ഇത് മലബാറിന്റെ വിനോദസഞ്ചാര, ആരോഗ്യ മേഖലയേയും ബാധിച്ചിരുന്നു. ഇതിന് പുറമെ കള്ളക്കടത്ത് വർധിക്കുന്നതും കസ്റ്റംസിന് തലവേധനയായിട്ടുണ്ട്.
കരിപ്പൂരിൽ തകരാറിലായ മെഷീനുകളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് ഉടൻ പ്രവർത്തന ക്ഷമമാക്കും. അറ്റകുറ്റപ്പണികൾ നടത്തേണ്ട ഇസിഐഎൽ റാപിസ്്കാൻ കന്പനിക്കാണ് ഇതിന്റെ ചുമതല നൽകിയത്.
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് മറ്റുപകരണങ്ങൾ സാധ്യമാക്കുന്നതിന് ചീഫ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.