ഹരിപ്പാട്: കൊവിഡ് മഹാമാരി ഭീതി വിതച്ച് സമൂഹവ്യാപനത്തിലേക്ക് കടക്കുകയും പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ-പൊലീസ്- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പം ജനപ്രതിനിധികളും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുവാൻ അഹോരാത്രം പണിയെടുക്കുന്പോൾ
ഒരു സംഘം വിദ്വാൻമാർ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മുഖാവരണം കഴുത്തിലേക്ക് താഴ്ത്തി എത്ര ബോധവത്കരണം നടത്തിയാലും തങ്ങൾ തുപ്പി തോൽപ്പിച്ചേ അടങ്ങുവെന്ന വാശിയിലാണ്.
വെറ്റില മുറുക്കുന്നവരിൽ ചിലരാണ് വില്ലന്മാരായി മാറുന്നത്.ഇവരിലേറെയും മധ്യവയസ്കരും ചെറുപ്പക്കാരുമാണെന്നതാണ് ഏറെ അത്ഭുതം. കൊവിഡ് കാലമാണെന്നോ കണ്ടെയ്ൻമെന്റ് സോണാണെന്നോ വക വയ്ക്കാതെയാണ് ഇവരുടെ പെരുമാറ്റം.മുറുക്കാൻ വിൽക്കുന്ന ചില കടകളിൽ അവിടെത്തന്നെ നിന്നു മുറുക്കാനുള്ള സൗകര്യമുണ്ട്.
നാലും കൂട്ടി മുറുക്കിയ ശേഷം ചിലർ കടയുടെ ചുറ്റും അതിലുപരി റോഡിലും തുപ്പി നടക്കും. കൊവിഡ് കാലമായതിനാൽ ചില കച്ചവടക്കാ ർ മുറുക്കാൻ പൊതിയാക്കിയാണ് നൽകുന്നത്.
10,20 രൂപ കണക്കിലാണ് പൊതികൾ. മൂന്നു വെറ്റിലയും ചുണ്ണാമ്പും പകുതി അടയ്ക്കാ കഷണവും പുകയിലയും അടങ്ങിയതാണ് 10 രൂപയുടെ ഒരു പൊതി. മുറുക്കാൻ വായിലിട്ട് ചവച്ച് ഇരുചക്ര വാഹനത്തിൽ കയറി റോഡു നീളെ തുപ്പിയാണ് ചിലരുടെ സഞ്ചാരം.
ഇവർക്ക് പിറകെ സഞ്ചരിക്കുന്നവരുടെയോ റോഡരുകിൽ നിൽക്കുന്നവരുടെയോ ദേഹത്ത് തുപ്പൽ കണികകൾ വീഴുന്നതും ഭീതിയിലാഴ്ത്തുന്നുണ്ട്.
പ്രധാനമായും തീരദേശ മേഖലയിലെ പല പഞ്ചായത്തുകളിലും രോഗ വ്യാപന സാധ്യത ഏറെയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്യുമ്പോഴും മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിൽ യാതൊരു നിയന്ത്രണവുമില്ലാതെ നാടാകെ തുപ്പുന്ന ഇവരുടെ പ്രവൃത്തി രോഗ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.