കോട്ടയം: മണർകാട് ക്രൗണ് ക്ലബിൽ നിന്നും ചീട്ടുകളി പിടികൂടിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ അന്വേഷണം ആരംഭിച്ചു.
ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരും പോലീസും തമ്മിലുള്ള രഹസ്യബന്ധവും ചീട്ടുകളി കേന്ദ്രത്തിനും ഗുണ്ടാ മാഫിയ സംഘങ്ങൾക്കും പോലീസ് ഒത്താശ ചെയ്തു നല്കിയെന്ന ആരോപണത്തെക്കുറിച്ചും കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും.
ഇതിനു പുറമേ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാറിനെ നീക്കുകയും ചെയ്തു. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷും മണർകാട് എസ്എച്ച്ഒയും തമ്മിലുള്ള ഫോണ് സംഭാഷണം പുറത്തുവന്നു വിവാദമുണ്ടായ സാഹചര്യത്തിലാണ് മണർകാട് എസ്എച്ച്ഒയെ അന്വേഷണ ചുമതലയിൽ നിന്നും ജില്ലാ പോലീസ് ചീഫ് നീക്കിയത്.
ഫോണ് സംഭാഷണം പുറത്തു വരികയും എസ്എച്ച്ഒയ്ക്കു ചീട്ടുകളി സംഘവുമായി നേരിട്ടു ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്തു 18 ലക്ഷത്തോളം രൂപ പിടിച്ചെടുക്കുകയും 43 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ചീട്ടുകളി കേന്ദ്രത്തിലെ റെയ്ഡിനുശേഷം ഫോണ് സംഭാഷണം ഉൾപ്പെടെയുള്ള മണർകാട് എസ്എച്ച്ഒയുടെ നടപടികൾ പോലീസ് സേനയ്ക്കു മാനക്കേടുണ്ടാക്കിയതായിട്ടാണ് സംഭവത്തെക്കുറിച്ചു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജില്ലാ പോലീസ് ചീഫിനു നല്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഫോണ് സംഭാഷണത്തെക്കുറിച്ചും പോലീസിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും റെയ്ഡ് നടക്കുന്നതിനിടയിൽ ചില ഉന്നതരെ രക്ഷപ്പെടാൻ പോലീസ് സഹായിച്ചതായുള്ള ആരോപണങ്ങളും സ്പെഷൽ ബ്രാഞ്ച് വിശദമായി അന്വേഷിച്ചുവരികയാണ്.
രതീഷ്കുമാറിനു പുറമേ മറ്റു പോലീസുകാർക്കും മാലം സുരേഷുമായി ബന്ധമുണ്ടോ? മുൻകാലങ്ങളിൽ റെയ്ഡ് നടത്തുന്ന വിവരങ്ങൾ ആരാണ് ചിട്ടുകളി മാഫിയയ്ക്കു ചോർത്തി നല്കിയത് തുടങ്ങിയ കാര്യങ്ങളും ഡിവൈഎസ്പി അനീഷ് വി. കോര അന്വേഷിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ റിപ്പോർട്ട് ജില്ലാ പോലീസ് ചീഫിനു സമർപ്പിക്കും. തുടർന്നായിരിക്കും മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാറിനെതി രേയുള്ള വകുപ്പ്തല നടപടികൾ സ്വീകരിക്കുക.
ഈ റിപ്പോർട്ട് പരിഗണിച്ചശേഷം എസ്എച്ച്ഒ നല്കുന്ന വിശദീകരണം കൂടി കേട്ടശേഷമേ ഇയാൾക്കെതിരെയുള്ള നടപടികൾ ഉണ്ടാകൂ.റെയ്ഡിനു നേതൃത്വം നല്കിയതു പാന്പാടി എസ്എച്ച്ഒയാണെങ്കിലും മഹസർ തയാറാക്കിയത് ഉൾപ്പെടെയുള്ള നടപടികൾക്കു നേതൃത്വം നല്കിയതു മണർകാട് എസ്എച്ച്ഒ തന്നെയാണ്.
രതീഷ്കുമാറും മാലം സുരേഷുമായിട്ടുള്ള അടുത്ത ബന്ധം പുറത്തുവന്നതോടെ മഹസർ നടപടി ക്രമങ്ങൾ പോലീസിനു തിരിച്ചടിയാകുമെന്നും സംശയമുണ്ട്. ഫോണ് സംഭാഷണം രതീഷ്കുമാറും മാലം സുരേഷും തമ്മിൽ നടത്തിയതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനു സൈബർ സെല്ലിനു കൈമാറിയിട്ടുമുണ്ട്.
അതേസമയം ക്ലബിൽ ചിട്ടുകളി നടത്തിയിരുന്നതു ടോക്കണ് വച്ചാണെന്നും അതിനുള്ള പണം മറ്റൊരു സ്ഥലത്ത് ചില ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്നതായും പോലീസ് പറയുന്നുണ്ട്.
ഇത്തരത്തിൽ കളിക്കളത്തിൽ എത്തിയിരുന്ന പണം കണക്കിൽപ്പെടാത്തതാണെന്ന നിഗമനത്തിലാണ് പോലീസ്. ഈ പണത്തിന്റെ ഇറവിടം ഉൾപ്പെടെ അന്വേഷിക്കുമെന്ന് പോലീസ് അറയിച്ചിട്ടുണ്ട്.