കൊച്ചി: കേരള പോലീസിന്റെ ഭാഗമായ ജനമൈത്രി പോലീസ് നടത്തുന്ന ‘അമൃതം’പദ്ധതിയും ഓണ്‍ലൈൻ മത്സ്യ-മാംസ വിതരണ സ്ഥാപനമായ ഫ്രഷ് ടു ഹോമും സംയുക്തമായി കോവിഡ് മഹാമാരി മൂലം വിഷമിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫ്രഷ് ടു ഹോം സിഒ മാത്യു ജോസഫില്‍ നിന്നു സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ കിറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ചെല്ലാനത്ത് വിതരണത്തിനുള്ള കിറ്റുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കമ്മീഷണര്‍ നിര്‍വഹിച്ചു.
ചെല്ലാനം ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 15, 16, 17 വാര്‍ഡുകളിലെ താമസക്കാരായ എല്ലാ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ ലഭിക്കും. 1100 രൂപയിലധികം വിലവരുന്ന 1400 ല്‍ പരം കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഫ്രഷ് ടു ഹോം സിഒ മാത്യു ജോസഫ് പറഞ്ഞു.
കേരളത്തിലെ വിവിധ ഹാര്‍ബറുകളില്‍ നിന്നു മത്സ്യം ശേഖരിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മത്സ്യം ശേഖരിക്കുന്നത് ചെല്ലാനം ഹാര്‍ബറില്‍ നിന്നാണെന്നാണെന്ന് കമ്പനി സിഇഒ ഷാന്‍ കടവില്‍ പറഞ്ഞു.
ഡിസിപി ജി. പൂങ്കുഴലി, എസിപി കെ. ലാല്‍ജി, പോലീസ് ഉദ്യോഗസ്ഥരായ കെ.പി. ഫിലിപ്, രമേഷ്കുമാര്‍, വിജയ്കുമാര്‍, ഫ്രഷ് ടു ഹോം കേരള ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ അജിത് നായര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതനായിരുന്നു.