അന്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിസിൻ വിഭാഗത്തിൽ അഡ്മിറ്റ് ആയിരുന്ന രോഗിക്ക് കോവിഡ്. ഡോക്ടർമാരടക്കം നിരവധി പേർ ക്വാറന്റൈനിൽ. മുഹമ്മ സ്വദേശിയായ 50 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 നാ ണ് ഇദ്ദേഹത്തെ മെഡിസിൻ വിഭാഗം പതിനാലാം വാർഡിൽ പ്രവേശിപ്പിച്ചത്.
പിന്നീട് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇതിനുശേഷം ഇദ്ദേഹത്തെ കോവിഡ് വാർഡിലേക്കു മാറ്റി. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലു രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി.
ഇതു കൂടാതെ രോഗിയുമായി സന്പർക്കത്തിലേർപ്പെട്ട അഞ്ചു ഡോക്ടർമാർ, ആറു നഴ്സുമാർ, നാലു ഹൗസ് സർജൻമാർ, മൂന്നു അറ്റന്‍ഡർമാർ, ഇസിജി ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ എന്നിവരടക്കം മറ്റ് 21 പേരും ക്വാറന്റൈനിൽ കഴിയാൻ നിർദേശം നൽകി.
രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പതിനാലാം വാർഡ് അണുവിമുക്തമാക്കി. ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സാഹചര്യങ്ങൾ വിലയിരുത്താൻ അടിയന്തര യോഗവും ചേർന്നിരുന്നു.