എടത്വ: കുരുന്നുകുട്ടികളോടും ക്രൂരതയുമായി വാട്ടര്‍ അഥോറിറ്റി അധികൃതര്‍. പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് എല്‍പി സ്കൂളിലെ വെള്ളത്തിന് വാട്ടര്‍ അഥോറിറ്റി അടയ്ക്കാന്‍ നര്ദേശിച്ചിരിക്കുന്നത് 2,02,781 രൂപയാണ്.
എന്നാല്‍ സ്കൂള്‍ മാനേജ്മെന്റ് പറയുന്നത് വര്‍ഷങ്ങളായി ലഭിക്കാത്ത കുടിവെള്ളത്തിനാണ് ഈ ബിൽ നല്‍കിയിരിക്കുന്നത് എന്നാണ്. 2019 ഓഗസ്റ്റ് ഏഴിന് മാനേജര്‍ക്കു നല്കിയ നോട്ടീസില്‍ 14,304 രൂപ കുടിശിഖ അടയ്ക്കാനായിരുന്നു നിര്‍ദേശം. ഇത്രയും തുക വന്നതോടെ മാനേജ്മെന്റ് പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല.
വീണ്ടും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ 2019 ഡിസംബറില്‍ 16,804 രൂപ അടയ്ക്കാനായി നോട്ടീസ് നല്കി. വീണ്ടും പരാതി നല്‍കിയെങ്കിലും പരിഗണിക്കാതെ 2020 ഫെബ്രുവരിയില്‍ തുക വര്‍ധിപ്പിച്ച് 17,887 രൂപ അടയ്ക്കാന്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് അദാലത്തില്‍ പരാതി സമര്‍പ്പിച്ചെങ്കിലും അദാലത്ത് നടക്കാതെ മാറ്റിവച്ചു. അതാണ് ഇപ്പോള്‍ 2,02,781 രൂപ ആയിരിക്കുന്നത്. കൂടാതെ വര്‍ഷങ്ങളായി വെള്ളം ലഭിക്കാത്ത നിരവധി പേര്‍ക്ക് അമിതബിൽ കിട്ടിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.