തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനും റവന്യൂ വകുപ്പിനും കസ്റ്റംസ് കത്ത് നൽകി.
പ്രതികൾ മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കൾ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി സ്വീകരിക്കുന്നത്.
അതേസമയം, ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റംസ് വ്യാഴാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനുളള അനുമതി ബുധനാഴ്ച ലഭിച്ചിരുന്നു.