കോട്ടയം: മണർകാട് ചീട്ടുകളി വിവാദം കത്തിപ്പടരുന്പോഴും ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷ് സുരക്ഷിതനായി തുടരുന്നു.
ജില്ലയിൽനിന്നുള്ള രണ്ടു രാഷ്്ട്രീയ നേതാക്കൻമാരാണ് മാലം സുരേഷിനു തണലൊരുക്കുന്നതെന്നാണ് സൂചന. രണ്ടു നേതാക്കൻമാരുടെയും വലം കയ്യായിട്ടാണ് സുരേഷിന്റെ പ്രവർത്തനം.
രണ്ടു നേതാക്കൻമാരുടെയും തണലിലാണ് പണമിടപാടിൽ ഏറെ വളർന്നത്. ഇതിൽ ഒരാൾ ഭരണകക്ഷിയിൽപ്പെട്ടയാളാണ്. പോലീസുമായി ബന്ധപ്പെട്ട സഹായങ്ങൾ ചെയ്തു നല്കുന്നതു ഭരണകക്ഷിയിൽപ്പെട്ട രാഷ്ട്രീയ നേതാവാണ്.
വിവാദ സംഭാഷണം
കഴിഞ്ഞ ദിവസം മണർകാട് എസ് എച്ച്ഒ രതീഷ്കുമാറും മാലം സുരേഷും തമ്മിലുള്ള ഫോണ് സംഭാഷണം പുറത്ത് വന്നതു വലിയ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒയെ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽനിന്നു നീക്കി.
ഇയാൾക്കെതിരേ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. മാലം സുരേഷിന്റെ വലം കയ്യായ എസ്എച്ച്ഒയെ വകുപ്പ്തല നടപടിയും സസ്പെൻഷനും ഒഴിവാക്കുന്നതിനു ഭരണകക്ഷിയിൽപ്പെട്ട രാഷ്്ട്രീയ നേതാവ് ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ ബന്ധപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പോലീസുകാരും കുടുങ്ങും
ചീട്ടുകളി കേന്ദ്രത്തിനു സംരക്ഷണമൊരുക്കിയിരുന്ന എസ്എച്ച്ഒയ്ക്കെതിരെ നടപടി ഉണ്ടായാൽ മാഫിയ സംഘത്തിനു വലിയ തിരിച്ചടിയാകും. തന്നെയുമല്ല, മാലം സുരേഷിനെ സഹായിക്കുന്ന മറ്റു പോലീസുകാർക്കും ഇതു തിരിച്ചടയായേക്കും.
ഇതാണ് എസ്എച്ച്ഒയ്ക്കെതിരെ നടപടിയുണ്ടാകാതിരിക്കാൻ മാലം സുരേഷും രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്. സ്പെഷൽ ബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ മാലം സുരേഷിന്റെ പക്കൽ നിന്നും മാസപ്പടി വാങ്ങുന്ന നിരവധി പോലീസുകാർ മണർകാട് സ്റ്റേഷനിലുണ്ടെന്നും കണ്ടെത്തിയതായി സൂചനയുണ്ട്.
ഇവർക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. മുൻകാലങ്ങളിൽ പലപ്പോഴും ക്ലബിൽ റെയ്ഡ് നടത്താൻ മണർകാട് പോലീസിനു നിർദേശം ലഭിച്ചിരുന്നു.
എന്നാൽ, മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർ വിവരം മാലം സുരേഷിനു ചോർത്തി നല്കുകയാണ് ചെയ്തിരുന്നത്. തുടർന്നു റെയ്ഡ് നടത്തുന്പോൾ ചീട്ടുകളി പിടികൂടാൻ പോലീസിനു കഴിഞ്ഞിരുന്നില്ല.
പോലീസ് ഉന്നതരും
ജില്ലയിൽ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനു മാലം സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യവും സ്പെഷൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. റെയ്ഡ് നടത്താൻ പോലീസ് എത്തിയപ്പോൾ ക്ലബിലുണ്ടായിരുന്ന ഒരാൾ എല്ലാ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയാൽ മാത്രമേ ഇവിടെയും റെയ്ഡ് നടത്താൻ സാധിക്കൂവെന്ന് ഈ ഉദ്യോഗസ്ഥർ തങ്ങളോടു പറഞ്ഞതായി പോലീസിനോട് പറഞ്ഞിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷൽ ബ്രാഞ്ച് സംഘം ഇയാൾക്കെതിരെയും അന്വേഷണം നടത്തുന്നത്. പുറത്തുവന്ന ഫോണ് സംഭാഷണത്തെക്കുറിച്ചു അന്വേഷിക്കുന്ന സ്പെഷൽ ബ്രാഞ്ച് സംഘം രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് ചീഫിനു നല്കും.
കൂടുതൽ പരാതികൾ
ചീട്ടുകളി ക്ലബിൽനിന്നു പിടികൂടിയ പ്രതികളുടെ വിലാസുമുൾപ്പെടെയുള്ള വ പോലീസ് തെറ്റിച്ചാണ് എഫ്ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു മാലം സുരേഷിനെയും ചീട്ടുകളി മാഫിയയെയും സഹായിക്കാനാണെന്ന് ആരോപണമുണ്ട്.
കേസിന്റെ തുടരന്വേഷണം ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ ക്ലബിനെതിരെയുള്ള കൂടുതൽ പരാതികൾ പരിശോധിച്ചു വരികയാണ്. അടുത്ത ദിവസം തന്നെ പോലീസ് ക്ലബിൽ വീണ്ടും പരിശോധന നടത്തിയേക്കും.
കേസിൽ മാലം സുരേഷ് നല്കിയിരിക്കുന്ന മുൻകൂർ ജാമ്യപേക്ഷ കോട്ടയം ജില്ലാ സെക്ഷൻസ് കോടതി ഇന്നു പരിഗണിക്കും. ജാമ്യം നിഷേധിക്കപ്പെട്ടാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കടക്കുമെന്നാണ് പോലീസ് പറയുന്നത്.
അതേസമയം റെയഡ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തുന്ന രീതിയിൽ മാലം സുരേഷിനോട് സംസാരിച്ച മണർകാട് എസ്എച്ച്ഒക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ പോലീസ് ചീഫ് കൊച്ചി റേഞ്ച് ഡിഐജിക്കു റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.