തലശേരി: സര്‍വീസില്‍ നിന്നും വിരമിച്ച ഡിവൈഎസ്പിക്ക് ജീവന് ഭീഷണിയുണ്ടെന്നും ഗണ്‍മാനെ അനുവദിക്കണമെന്നും പോലീസ് ഹെഡ്ക്വാര്‍ട്ടറില്‍ നിന്നും ജില്ലാ പോലീസ് ആസ്ഥാനത്ത് ഉത്തരവെത്തി. എന്നാല്‍ ഉത്തരവ് നടപ്പിലാക്കേണ്ടന്ന് ഉന്നതന്റെ വാക്കാല്‍ നിര്‍ദേശം.
ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പിയായി വിരമിച്ച മുന്‍ കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന പി.സുകുമാരനാണ് ഭീഷണിയുണ്ടന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഗണ്മാന്മാരെ അനുവദിക്കണമെന്നാണ് ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ ഉത്തരവെത്തി ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ ഗണ്മാന്മാരെ അനുവദിച്ചിട്ടില്ല. ഉത്തരവ് എത്തിയ ദിവസം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസില്‍ നിന്നും ഇത്തരത്തില്‍ ഗണ്മാന്മാരെ അനുവദിക്കാനുള്ള ഉത്തരവ് എത്തിയിട്ടുണ്ടെന്ന വിവരം ഫോണ്‍ മുഖാന്തിരം സുകുമാരനെ അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഉത്തരവ് നടപ്പിലാക്കേണ്ടതില്ലെന്നും ഗണ്മാന്മാരെ അനുവദിക്കേണ്ടെന്നും ആഭ്യന്തര വകുപ്പിലെ ഉന്നതന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് അറിയുന്നത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാവിനെ അറസ്റ്റ് ചെയ്തതും പാനൂരിലെ അഭിഭാഷകനായ വല്‍സരാജക്കുറുപ്പിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഉന്നത നേതാവിന്റെ വാക്ക് ധിക്കരിച്ചതുമുള്പ്പെടെയുള്ള സംഭവങ്ങളില്‍ വിവാദ നായകനായിരുന്നു പി.സുകുമാരന്‍.
സുകുമാരനെക്കുറിച്ച് ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് നടത്തിയ മലദ്വാര പ്രയോഗവും പ്രസിദ്ധമാണ്. സുകുമാരന്‍ ഇടുക്കിയില്‍ സേവനമനുഷ്ഠിക്കുമ്പോഴും സുരക്ഷ നല്‍കണമെന്ന ഉത്തരവുണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല.
വിരമിച്ച ശേഷവും സുരക്ഷ നല്‍കണമെന്ന നിർദേശമാണ് ഇപ്പോള്‍ കടലാസില്‍ ഒതുങ്ങിയിട്ടുള്ളത്.തലശേരിയിലെ പ്രമാദമായ കുണ്ടൂര്‍മല കൊലപാതക്കേസും നാറാത്ത് തീവ്രവാദ കേസുമുള്‍പ്പെടെ നിരവധി കേസുകള്‍ റെക്കോര്‍ഡ് വേഗതയില്‍ തെളിയിച്ചതുള്പ്പെടെ കേസന്വേഷണങ്ങളില്‍ മികവു തെളിയിച്ച ഓഫീസറാണ് സുകുമാരനെന്ന് പോലീസിൽ തന്നെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.