പ്രമോദ് മഹാജൻ കൊല്ലപ്പെട്ടു! ആദ്യം പലർക്കും ആ വാർത്ത വിശ്വസിക്കാനായില്ല. രാഷ്ട്രീയ വൃത്തങ്ങളിൽ നടുക്കം പകർന്ന വാർത്ത. അനുയായികൾ തകർന്നുപോയി, ചിലർ പൊട്ടിക്കരഞ്ഞു… മുംബൈയിലെ തന്റെ വസതിയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നു കേട്ടതോടെ ഏതെങ്കിലും അധോലോക സംഘത്തിന്റെ പകപോക്കലാണോയെന്നു പലരും സംശയിച്ചു.
എന്നാൽ, വെടിയുതിർത്ത ആളെ തിരിച്ചറിഞ്ഞതോടെ ആദ്യത്തെ നടുക്കം അതിനേക്കാൾ വലിയ ഞെട്ടലിനു വഴിമാറി.
അസൂയപ്പെടുത്തുന്ന വളർച്ച
പ്രമോദ് വെങ്കിടേഷ് മഹാജൻ… അതായിരുന്നു പ്രമോദ് മഹാജന്റെ മുഴുവൻ പേര്. മഹാരാഷ്ട്രയിൽനിന്നു ദേശീയ രാഷ്ട്രീയത്തിലേക്കു അതിവേഗം വളർന്നുകയറിയ അതികായൻ. ബിജെപിയുടെ രണ്ടാം നിര നേതാവ് ആയിരുന്നു പ്രമോദ് മഹാജനെങ്കിലും സ്വാധീനവും പെരുമയും മഹാരാഷ്ട്രയുടെ അതിർത്തികൾക്കപ്പുറവും ശക്തമായിരുന്നു.
രാജ്യസഭ അംഗമായും ലോക്സഭ അംഗമായും പ്രവർത്തിച്ചു. മുംബൈ- നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്ക് രണ്ടുതവണ മത്സരിച്ചു. 1996ൽ വിജയിച്ചു.
1998ൽ പരാജയപ്പെട്ടു. 1996ൽ 13 ദിവസം ആയുസുണ്ടായിരുന്നു വാജ്പേയി സർക്കാരിൽ പ്രതിരോധമന്ത്രിയായി. തുടർന്നുവന്ന വാജ്പേയി സർക്കാരിൽ പാർലമെന്ററി, ജലവിഭവ വകുപ്പ്, വാർത്താ സംപ്രേഷണ മന്ത്രിയായി ചുമതലയേറ്റു.
പാർലമെന്ററി മന്ത്രിയെന്ന നിലയിൽ അദ്ദേഹം മികവു കാണിച്ചു. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ അതിശക്തനായ നേതാവായി വളർന്നുവരുന്പോഴായിരുന്നു ആ ദുരന്തം.
ആ ദിവസം…
2006 ഏപ്രിൽ 22നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആ സംഭവം അരങ്ങേറിയത്. ബിജെപി നേതാവ് പ്രമോദ് മഹാജനു വെടിയേറ്റിരിക്കുന്നു എന്നതിനേക്കാൾ സ്വന്തം സഹോദരനാണ് അദ്ദേഹത്തെ വെടിവച്ചതെന്നായിരുന്നു പലർക്കും അവിശ്വസനീയമായി തോന്നിയത്.
വെടിയേറ്റ ദിവസം രാവിലെ പ്രമോദ് മഹാജന്റെ വീട്ടിൽ സഹോദരൻ പ്രവീൺ മഹാജനുമായി കുടുംബതർക്കം നടന്നു. ഈ തർക്കത്തിനൊടുവിലാണ് പ്രവീൺ മഹാജൻ തന്റെ പിസ്റ്റൽ ഉപയോഗിച്ചു പ്രമോദ് മഹാജനെ വെടിവച്ചത്. ഗുരുതരമായ പരിക്കേറ്റ പ്രമോദിനെ ഹിന്ദുജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 2006 മേയ് മൂന്നിന് അദ്ദേഹം മരണത്തിനു കീഴടങ്ങി.
വെടിവയ്പിനു ശേഷം സഹോദരൻ പ്രവീൺ മഹാജൻ മുംബൈയിലെ വോർളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദീർഘകാലമായ സഹോദരനുമായി ഭിന്നതയും കലഹവും നിലനിന്നിരുന്നുവെന്നും ഈ പകയാണ് ഒടുവിൽ വെടിവയ്പിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
സഹോദരൻ തന്നെ അവഗണിക്കുകയും നാണംകെടുത്തുകയും തുടർച്ചയായി പരിഗണിക്കാതിരിക്കുകയും ചെയ്തെന്നാണ് പ്രവീണിന്റെ ആരോപണം.
ഐ.പി.സി. 302-ാം വകുപ്പ് പ്രകാരം പ്രവീണിന്റെ മേൽ കൊലക്കുറ്റം ചുമത്തി. എന്നാൽ, കോടതിയിൽ പ്രമോദിനെ താൻ വെടിവച്ചിട്ടില്ലെന്നു പ്രവീൺ വാദിച്ചു. എന്നാൽ, സാഹചര്യത്തെളിവുകൾ എതിരായതിനാൽ പ്രവീണിനു ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. 2010 മാർച്ച മൂന്നിനു പരോളിലിരിക്കെ പ്രവീൺ മരിച്ചു.
ചോദ്യങ്ങൾ ബാക്കി
ബാല്യം മുതൽക്കേ ആർഎസ്എസ് പ്രവർത്തകനായിരുന്ന പ്രമോദ് മഹാജൻ. ഒരു മറാഠി പത്രത്തിന്റെ സബ് എഡിറ്റർ ആയിരിക്കെയാണ് പ്രമോദ് മഹാജൻ രാഷ്ട്രീയത്തിലേക്കു തിരിയുന്നത്.
ഇതോടെ 1974ൽ ജോലി ഉപേക്ഷിച്ചു ആർഎസ്എസിന്റെ സജീവ പ്രവർത്തകനായി. പിന്നീട് ബിജെപിയിലേക്ക് എത്തിപ്പെട്ട പ്രമോദ് മഹാജൻ സംഘാടക മികവുകൊണ്ടു വളരെ വേഗം നേതൃനിരയിലേക്ക് എത്തപ്പെട്ടു.
ആദ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തിലും നിറഞ്ഞ അദ്ദേഹം വൈകാതെ ദേശീയ രാഷ്ട്രീയത്തിലും മികവു തെളിയിച്ചു. ഒരുപക്ഷേ, ഇന്ത്യയിലെ ശക്തനായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറേണ്ട പ്രമോദ് മഹാജന്റെ ജീവിതം പാതിവഴിയിൽ അവസാനിച്ചു.
കൊലപാതകത്തിനു പ്രവീൺ പറഞ്ഞ കാരണങ്ങൾ പ്രമോദ് മഹാജനെപ്പോലെ ഒരു മികച്ച നേതാവിന്റെ ജീവനെടുക്കാൻ മാത്രം കാര്യമുള്ളതാണോയെന്ന സംശയം ഇപ്പോഴും ബാക്കി.