പറവൂർ: മുറിച്ചു മാറ്റാൻ ഉദ്യോഗസ്ഥരെടുത്ത കടുത്ത തീരുമാനം കോടതി വിധിയിലൂടെ മറിക്കടന്ന തണൽമരം ഇനിയും വെടിമറയിൽ തണൽ വിരിക്കും.
വെടിമറ കവലയ്ക്ക് സമീപം വർഷങ്ങളായി തണൽ വിരിച്ചു നിന്ന മരമാണ് സ്വകാര്യവക്തിയുടെ പരാതിയെ തുടർന്ന് മുറിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പ് തിടുക്കം കാണിച്ചത്.
മരംമുറിക്കാനുള്ള ആർഡിഒയുടെ ഉത്തരവിന്റെ ഭാഗമായിട്ടാണെങ്കിൽ പോലും ഹൈക്കോടതി റിവ്യു പെറ്റീഷൻ പരിഗണിക്കുന്ന ദിവസം തന്നെ അധികൃതർ ഇക്കാര്യത്തിൽ അമിതാവേശം കാട്ടി.
കഴിഞ്ഞ ദിവസം മരം മുറിക്കാൻ എത്തിയപ്പോൾ പൊതുപ്രവർത്തകനും പരിസരവാസിയുമായ കെ.എസ്. അബ്ദുൽ വഹാബ് നാലരവർഷം മുൻപ് ഹൈക്കോടതിയിൽനിന്ന് സമ്പാദിച്ച ഉത്തരവ് ഉദ്യോസ്ഥരെ കാണിക്കുകയും വെള്ളിയാഴ്ച്ച റിവ്യൂ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണെന്നും അറിയിച്ചു.
അതിന്റെ രേഖകൾ ഹാജരാക്കുവാൻ ഉദ്യോഗസ്ഥർ ഉച്ചക്ക് ഒരു മണി വരെ സമയം അനുവദിച്ചു. ഹൈക്കോടതിയിൽ അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തി ഹർജി ബുധനാഴ്ച്ച തന്നെ പരിഗണിക്കാൻ അനുവാദം വാങ്ങി.
ഇതിന്റെ രേഖകൾ നൽകിയതിനെ തുടർന്ന് തിരികെ പോയ അധികൃതർ ചൊവ്വാഴ്ച വൈകിട്ട് ആറര മണിയോടെ എത്തി ചില്ലകൾ മുറിക്കുകയും രാത്രിയായതിനാൽ നിർത്തിവച്ച് രാവിലെ വീണ്ടും നടപടി പുനരാരംഭിക്കുകയുമായിരുന്നു.
എന്നാൽ ഉച്ചയോടെ മരം മുറിച്ചു കൊണ്ടിരിക്കേ മരം മുറിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ആണ് സ്റ്റേ ചെയ്തത്.
യാതൊരു കേടുപാടുകളും മനുഷ്യരുടെ ജീവനോ സ്വത്തിനോ യാതൊരു ഭീഷണിയുമില്ലാത്ത തണൽമരം മുറിക്കാൻ ഈ കോവിഡ് കാലത്ത് കാണിച്ച അസാധാരണ തിടുക്കത്തിൽ വെടിമറ തണൽമര സംരക്ഷണ സമിതി പ്രതിഷേധിച്ചു.